കോട്ടയം: അധികൃത അനാസ്ഥ കാരണുള്ള റോഡിലെ കൊലക്കയറിൽ നിന്ന് ജീവൻ തിരിച്ചുപിടിച്ചതിന്റെ ആശ്വാസത്തിലാണ് കാരാപ്പുഴ വേമ്പങ്കേരി വീട്ടിൽ വി.ജി. ജിഷ്ണു. തിരുനക്കരയിൽ നിന്ന് പുളിമൂട് ജംഗ്ഷനിലേക്കിറങ്ങുന്ന റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന് വഴിക്ക് കുറുകെ കെട്ടിയ കയറിലാണ് ബൈക്ക് യാത്രക്കാരനായ ജിഷ്ണുവിന്റെ കഴുത്ത് കുടുങ്ങിയത്. അപകടത്തിൽ കഴുത്ത് മുറിയുകയും കൈക്കും മുട്ടിനും പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ രാവിലെ 8.15ന് ജിഷ്ണു എ.ടി.എമ്മിൽ നിന്ന് പണം എടുക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കോട്ടയം നഗരമദ്ധ്യത്തിൽ, നഗരസഭയ്ക്കു കീഴിലുള്ള പുളിമൂട് - പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തേക്കുള്ള റോഡിൽ മൂന്നു ദിവസമായി ഇന്റർലോക്ക് കട്ടകൾ നിരത്തുന്ന ജോലി നടക്കുകയാണ്. എന്നാൽ മുന്നറിയിപ്പ് ബോർഡുകളോ മറ്റു സുരക്ഷാ മാനദണ്ഡങ്ങളോ ഇവിടെയില്ല. ഇതിന് പകരമായാണ് റോഡിന് കുറുകേ കയർ കെട്ടിയത്. കയറിൽ ജിഷ്ണുവിന്റെ കഴുത്ത് കുടുങ്ങിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി. മറിയുകയായിരുന്നു. തുടർന്ന് ജിഷ്ണു ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയം മാർക്കറ്റിലെ മൊത്തവില്പന കടയിൽ സെയിൽസ്മാനാണ് ജിഷ്ണു.
'മുന്നറിയൊപ്പും ഉണ്ടായിരുന്നില്ല"
റോഡിൽ പണി നടക്കുകയാണെന്ന മുന്നറിയിപ്പുകളും ഇല്ലായിരുന്നെന്ന് ജിഷ്ണു പറഞ്ഞു. 'വഴിയ്‌ക്കു കുറുകെ കയർ കെട്ടിയത് ശ്രദ്ധിച്ചില്ല. കഴുത്തിൽ കുടുങ്ങിയ കയർ വലിഞ്ഞു മുറുകി പൊട്ടി. പിന്നാലെ നിയന്ത്രണം നഷ്ടമായി വീണു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. പ്ലാസ്റ്റിക് കയറായിരുന്നെങ്കിൽ മരിച്ചേനേ. എട്ടു മാസം പ്രായമുള്ള കുഞ്ഞുണ്ട്. കുടുംബത്തിന് ഞാൻ മാത്രമേയുള്ളൂ. ജീവൻ നഷ്ടമാകുന്ന കെണികളാണ് റോഡിൽ പലയിടത്തും. വീഴ്ചയിൽ പുതിയ ബൈക്കിനും കേടുപാടുണ്ടായി. ഉത്തരവാദിത്തപ്പെട്ട ആരും സംഭവസ്ഥലത്തുണ്ടായിരുന്നില്ല. അധികൃതരുടെ അനാസ്ഥയാണ് അപകടകാരണം. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ അവർക്കാകില്ല". പൊലീസിൽ പരാതി നൽകുമെന്നും ജിഷ്ണു പറഞ്ഞു.
മുന്നറിയിപ്പ് ബോർഡുകൾ തന്നില്ലെന്ന് കരാറുകാരൻ
മുന്നറിയിപ്പ് ബോർഡുകൾ നൽകേണ്ടത് നഗരസഭയാണെന്നും എന്നാൽ തനിക്കത് ലഭിച്ചില്ലെന്നുമാണ് അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരനായചുങ്കത്തറ ജോയി ജോസഫിന്റെ വാദം. തന്റെ നിലയ്ക്ക് കാർഡ് ബോർഡിൽ മുന്നറിയിപ്പെഴുതി വച്ചിരുന്നെന്നും അത് കീറിയ നിലയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന് ഏഴു മണിക്കൂറുകൾ പിന്നിട്ടിട്ടും സംഭവത്തെപറ്റി താൻ അറിഞ്ഞില്ലെന്നാണ് നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |