ഹരിപ്പാട്: കോൺഗ്രസ് ഭരിക്കുന്ന ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി നിലനിൽക്കുന്ന തർക്കം തമ്മിലടിയിൽ കലാശിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് കുമാറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് എസ്.ചേപ്പാടും തമ്മിലായിരുന്നു കയ്യാങ്കളി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് കമ്മിറ്റി ചേരുന്നതിനു മുമ്പായിരുന്നു സംഭവം. പ്രസിഡന്റ് ജി. സജിനി കോൺഗ്രസിലെ ധാരണപ്രകാരം രണ്ടു വർഷത്തിനു ശേഷം സ്ഥാനമൊഴിയേണ്ടതായിരുന്നു. എന്നാൽ ഇതിനു തയ്യാറായില്ല. ഇതോടെ ഇവരെയും മെമ്പർ പ്രസന്നയെയും ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഡി.സി.സി നേതൃത്വം പുറത്താക്കി. ഈ കത്ത് നേരിട്ട് ഏൽപ്പിക്കാൻ അനീഷ് എസ്.ചേപ്പാട് ശ്രമിക്കവേയാണ് സജിനിയുടെ പക്ഷത്തു നിൽക്കുന്ന വൈസ് പ്രസിഡന്റും അനീഷും തമ്മിൽ സംഘട്ടനമുണ്ടായത്. തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരും നടപടിക്ക് വിധേയനായ ബൂത്ത് പ്രസിഡന്റ് രഞ്ജിത്തും തമ്മിലുണ്ടായ തർക്കം വീണ്ടും സംഘർഷത്തിലെത്തി. കോൺഗ്രസ് അംഗങ്ങളിൽ ഒരു വിഭാഗം ബഹിഷ്കരിച്ചെങ്കിലും ക്വാറം തികഞ്ഞതിനാൽ യോഗം ചേർന്ന് പദ്ധതികൾക്ക് അന്തിമ രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |