ആലപ്പുഴ: വിശാലമായ ഹാളിലെ വലിയ കാൻവാസിൽ പകർത്തിയ അതിമനോഹരങ്ങളായ 26 ജലച്ചായ ചിത്രങ്ങൾ. പ്രകൃതിയെ വിഷയമാക്കി ആലപ്പുഴ എസ്.ഡി.വി ബോയ്സ് സ്കൂളിലെ ചിത്രകല അദ്ധ്യാപകൻ ജിനു ജോർജിന്റെ നേതൃത്വത്തിൽ ഡ്രോയിംഗ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ ഒരുക്കിയ രാജാ രവിവർമ്മ ആർട്ട് ഗാലറി പൊതുജനങ്ങൾക്കും സന്ദർശിക്കാവുന്ന തരത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
കുട്ടികൾക്ക് ഊണ് മുറിയായി ഉപയോഗിക്കാൻ ഭാരത് പെട്രോളിയം സ്പോൺസർ ചെയ്ത ഹാളിലാണ് ഗാലറി ഒരുക്കിയത്. സ്കൂളിലെ ചിത്രകല അദ്ധ്യാപകനായ പഴവീട് ജിനു വിഹാറിൽ ജിനു ജോർജ്ജ് (40) കൊവിഡ് കാലത്തെ ഇടവേളയിൽ സ്കൂൾ ഭിത്തിയിൽ 600 ചതുരശ്ര അടി സ്ഥലത്ത് 'ആലപ്പുഴ'യെന്ന തീമിൽ ചിത്രരചന നടത്തിയിരുന്നു. സ്കൂൾ മാനേജ്മെന്റിന്റെ സഹകരണത്തോടെ പൂർത്തിയാക്കിയ അക്രൈലിക്ക് ചിത്രരചനയ്ക്ക് രണ്ട് ലക്ഷത്തോളം രൂപ ചെലവ് വന്നു. പഴക്കമേറിയ കെട്ടിടമായതിനാൽ ചിത്രങ്ങൾ സംരക്ഷിക്കാൻ അക്രൈലിക്ക് ഗ്ലാസും സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾ തുറന്ന് കുട്ടികൾ എത്തിത്തുടങ്ങിയതോടെ വലിയ സ്വീകാര്യതയും പ്രോത്സാഹനവുമാണ് അദ്ധ്യാപകനായ ജിനുവിന് ലഭിച്ചത്. ഇതിൽ നിന്നാണ് വരയ്ക്കാൻ കഴിവുള്ള കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി സ്കൂളിൽ തന്നെ ഗാലറി തുടങ്ങണമെന്ന ആശയം മനസിൽ ഉദിച്ചത്.
ഇതോടെ ഡ്രോയിംഗ് ക്ലബ്ബ് രൂപീകരിച്ചു. ചിത്രരചനയിൽ അഭിരുചിയുള്ള 18 കുട്ടികളാണ് ക്ലബ്ബിൽ ഉള്ളത്. ഇതിൽ ഏറ്റവും മികച്ച രീതിയിൽ വരയ്ക്കുന്ന 9 പേരുടെ 26 സൃഷ്ടികളാണ് 'പ്രകൃതി' എന്ന വിഷയത്തിൽ തയ്യാറാക്കി ഗാലറിയിൽ സ്ഥാപിച്ചിരിക്കുന്നത്.
പല സ്കൂളുകളിലും കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പടുന്ന ഗാലറികളുണ്ടെങ്കിലും ഇത്രത്തോളം വിശാലമായ കാൻവാസിൽ തീർത്തവ ഇന്ത്യയിൽ മറ്റെങ്ങും ഉള്ളതായി അറിവില്ല. ജലച്ചായ ചിത്ര രചനയിൽ ഒരു വർഷം നിരന്തര പരിശീലനമാണ് കുട്ടികൾക്ക് നൽകിയത്. സ്കൂളിലെ തന്നെ മറ്റ് വിദ്യാർത്ഥികളുടെയും ഒപ്പം മറ്റ് സ്കൂളുകളിൽ നന്നായി വരയ്ക്കുന്ന ഒരു വിദ്യാർത്ഥിയുടെ വീതവും ചിത്രങ്ങൾ ഇതേ ഗാലറിയിൽ സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം
ജിനു ജോർജ്ജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |