കോഴിക്കോട്: ജനത്തിന്റെ നടുവൊടുക്കുന്ന പാചകവാതകവിലവർദ്ധനവിനെതിരെ നാടെങ്ങും
വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയപാർട്ടികളും സാമൂഹിക സംഘടനകളും ഹോട്ടൽ ഉടമാസംഘടനകളും പ്രതിഷേധവുമായി നിരത്തിലിറങ്ങി. എസ്.എഫ്.ഐ ഗ്യാസ് സിലിണ്ടർ റോഡിലൂടെ ഉരുട്ടി പ്രതിഷേധിച്ചപ്പോൾ ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വരും ദിവസങ്ങളിൽ അടുക്കളപൂട്ടിയിട്ടുള്ള സമരത്തിലേക്ക് നാടുനീങ്ങുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് മാർച്ച് ഒന്നുമുതൽ കൂട്ടിയിരിക്കുന്നത്. ഇതോടെ ഒരു സിലിണ്ടറിന് ജനം 1110 രൂപ നൽകണം. ഇന്ധന സെസ് കൂട്ടിയതോടെ സംസ്ഥാനത്ത് വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുകയാണ്. ഇതിനിടെയാണ് ഇരുട്ടടിയായി പാചകവാതകത്തിന്റെ വിലയും കൂട്ടിയിരിക്കുന്നത്. ഗാർഹിക സിലിണ്ടറിനൊപ്പം വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയിരിക്കുന്നത്. ചെറുകിട ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, കുടുംബശ്രീ നടത്തുന്ന ഹോട്ടലുകൾ എന്നിവയെ വില വർദ്ധന രൂക്ഷമായി ബാധിക്കും. വാണിജ്യ സിലിണ്ടറിന് വില കൂട്ടിയതോടെ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാതെ പിടച്ചുനിൽക്കാനാവില്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. മിൽമ പാൽ ലിറ്ററിന് 6 രൂപ കൂട്ടിയതോടെ ചായയുടെ വില 10ൽ നിന്ന് 12, 15 ആയി ഉയർന്നു. ഇന്ധന സെസ് ഉയർത്തിയതും ഭക്ഷണസാധനങ്ങൾക്ക് വില ഉയരാൻ കാരണമായി. ചെറുകടികൾക്ക് 10, 12, 15 എന്നിങ്ങനെയാണ് വില ഈടാക്കുന്നുത്. എവിടേയും ഏകീകകരിച്ച് വിലനിലവാരമില്ല. സാധാരണ ഹോട്ടലുകളിൽ പോലും ഊണിന് 50 മുതൽ 70 വരെയാണ് വില. അതിനിടെയാണ് പാചകവാതകത്തിന്റെ വില കൂടി ഉയർത്തിയിരിക്കുന്നത്. ഇത് ഭക്ഷണ സാധനങ്ങൾക്ക് വലിയ വിലവർദ്ധനവിന് ഇടയാക്കും.
ഹോട്ടൽമേഖല കടുത്ത പ്രതിസന്ധിയിലേക്കെന്ന്
ഇങ്ങനെയെങ്കിൽ ഹോട്ടലുകളൊക്കെ പൂട്ടേണ്ടിവരും. കൊവിഡ് കാലത്തേക്കാൾ വലിയ പ്രതിസന്ധിയാണ് വരാൻപോകുന്നതെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസയേഷൻ ജില്ലാ സെക്രട്ടറി യു.എസ് സന്തോഷ് . രണ്ടുമാസത്തോളമായി സിലിണ്ടറിനുള്ള ഇൻസെന്റീവ് എടുത്തുകളഞ്ഞതും വ്യാപാരികളെ വലക്കുന്നുണ്ട്. ചെറുകിട ഹോട്ടൽ നടത്തുന്ന കച്ചവടക്കാർക്കു തന്നെ ഒരു ദിവസം മൂന്ന് സിലിണ്ടറോളം ഉപയോഗക്കേണ്ടിവരും. സബ്‌സിഡി എടുത്തുകളഞ്ഞതും പാചകവാതകവില വർദ്ധനയും അടക്കം ഏകദേശം രണ്ടായിരത്തോളം രൂപയാണ് പാചകവാതകത്തിനുമാത്രം അധികമായി നൽകേണ്ടിവരിക. പിന്നെങ്ങനെ വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാനുമെന്നാണ് കച്ചവടക്കാരുടെ ചോദ്യം. ജനുവരി ഒന്നിനാണ് നേരത്തെ എൽ.പി.ജി സിലിണ്ടറിന്റ വില കൂട്ടിയത്. 19 കലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർദ്ധനവാണ് അന്നുണ്ടായത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ അന്ന് മാറ്റം വരുത്തിയിരുന്നില്ല. വരുംദിവസങ്ങളിൽ വലിയ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും സന്തോഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |