ന്യൂഡൽഹി: കാശ്മീരുമായി ബന്ധപ്പെട്ട് യു. എൻ മനുഷ്യാവകാശ കൗൺസിലിൽ (യു.എൻ.എച്ച്.ആർ.സി) ഇന്ത്യയെ വിമർശിച്ച പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കാശ്മീർ ജനതയുടെ അവകാശങ്ങൾ ഇന്ത്യ നിഷേധിക്കുന്നു എന്നായിരുന്നു കൗൺസിലിൽ പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന്റെ ആക്ഷേപം. അതിന് മറുപടിയായി, പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെന്ന് ഇന്ത്യൻ പ്രതിനിധി സീമ പൂജാനി തിരിച്ചടിച്ചു.
ക്രിസ്ത്യൻ, ഹിന്ദു, സിക്ക് ന്യൂനപക്ഷങ്ങൾക്കൊന്നും രക്ഷയില്ല. കിരാതമായ മതനിന്ദാനിയമത്തിന്റെ മറവിൽ ക്രിസ്ത്യൻ വിഭാഗത്തെ വേട്ടയാടുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ക്രിസ്ത്യാനികൾക്ക് തൂപ്പ് ജോലി മാത്രമേ നൽകൂ. പ്രായപൂർത്തിയാവാത്ത ക്രിസ്ത്യൻ, ഹിന്ദു, സിക്ക് പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് നിർബന്ധമായി പരിവർത്തനം ചെയ്യുന്നു. പാക് ഭരണകൂടവും ജുഡിഷ്യറിയും അതിന് ഒത്താശ ചെയ്യുന്നു. ഹിന്ദു, സിക്ക് ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു. പാക് സൈന്യത്തെയോ ജുഡിഷ്യറിയെയോ മോശമായി പരാമർശിക്കുന്നവരെ അഞ്ച് വർഷം ജയിലിൽ അടയ്ക്കാനുള്ള ബിൽ പാക് പാർലമെന്റിന്റെ പരിഗണനയിലാണ്.
അഹമ്മദീയ സമുദായത്തെയും പാകിസ്ഥാൻ ക്രൂരമായി പീഡിപ്പിക്കുന്നതായും സീമ പൂജാനി ചൂണ്ടിക്കാട്ടി. ഈ സമുദായത്തിലെ വിദ്യാർത്ഥികളെയും ഡോക്ടർമാരെയും എൻജിനീയർമാരെയും അദ്ധ്യാപകരെയും സമുദായ നേതാക്കളെയും നിരന്തരം കാണാതാവുന്നു. പത്തു വർഷത്തിനിടെ കാണാതായവരെ പറ്റിയുള്ള 8463 പരാതികളാണ് പാകിസ്ഥാൻ തന്നെ നിയോഗിച്ച അന്വേഷണ കമ്മിഷനുകൾക്ക് കിട്ടിയതെന്നും സീമ പൂജാനി ചൂണ്ടിക്കാട്ടി.
തീവ്രവാദികളുടെ സുരക്ഷിത താവളം കൂടിയാണ് പാകിസ്ഥാൻ. ഒസാമ ബിൻലാദൻ ഉൾപ്പെടെയുള്ള ഭീകരർക്ക് വർഷങ്ങളായി സംരക്ഷണം നൽകി.
ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് പാകിസ്ഥാൻ യു. എൻ വേദി ദുരുപയോഗം ചെയ്യുകയാണ്. സ്വന്തം ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ പാക് നേതൃത്വത്തെ ഉപദേശിക്കുകയാണെന്നും സീമ പൂജാനി പറഞ്ഞു.
"വീടുകൾ പൊളിച്ചും ഭൂമിയുടെ പാട്ടം അവസാനിപ്പിച്ചും കാശ്മീരികളുടെ ഉപജീവന മാർഗങ്ങൾ ഇല്ലാതാക്കാനാണ് ഇന്ത്യൻ അധിനിവേശ അധികാരികൾ ശ്രമിക്കുന്നതെന്നും ഹിന റബ്ബാനി ഖാർ വിമർശിച്ചിരുന്നു.
തുർക്കിക്കും ചുട്ട മറുപടി
കൗൺസിലിൽ പാകിസ്ഥാന് അനുകൂലമായി ജമ്മു കാശ്മീർ പ്രശ്നം ഉന്നയിച്ച ഒ.ഐ.സിയെയും (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ ) തുർക്കിയെയും ഇന്ത്യൻ പ്രതിനിധി വിമർശിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ കുറിച്ചായിരുന്നു പരാമർശങ്ങൾ.
"ജമ്മു-കാശ്മീർ, ലഡാക്ക് കേന്ദ്രഭരണപ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗമാണെന്നത് കണക്കിലെടുക്കാതെ ഇന്ത്യൻ പ്രദേശത്ത് പാകിസ്ഥാൻ അധിനിവേശം നടത്തുകയാണ്. ഒ.ഐ.സി അംഗമായ പാകിസ്ഥാനോട് ഭീകരത ഉപേക്ഷിക്കാനും അധിനിവേശത്തിൽ നിന്ന് പിൻമാറാനും ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് സീമ പൂജാനി പറഞ്ഞു. തുർക്കി പ്രതിനിധിയുടെ പരാമർശങ്ങളെയും ഇന്ത്യൻ പ്രതിനിധി അപലപിച്ചു. ഭൂകമ്പത്തിൽ എല്ലാം തകർന്ന തുർക്കിയെ ഇന്ത്യ സഹായിച്ചതിന് പിന്നാലെയാണ് യു. എന്നിൽ അവർ ഇന്ത്യാ വിരുദ്ധ നിലപാട് എടുത്തത്.
തീപ്പൊരി സീമ
ഹരിയാനയിലെ ഫരീദാബാദ് സ്വദേശി
2014ലെ സിവിൽ സർവീസ് പരീക്ഷയിൽ 37-ാം റാങ്കോടെ വിജയം
ഇന്ത്യൻ ഫോറിൻ സർവീസ് തിരഞ്ഞെടുത്തു
തൊഴിൽ നയതന്ത്രജ്ഞ, നിയമ വിദഗ്ദ്ധ
ബംഗളൂരു നാഷണൽ ലാ സ്കൂൾ ഒഫ് ഇന്ത്യയിൽ പഠനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |