തൃശൂർ: കഴിഞ്ഞമാസം മാത്രം നഗരപരിധിയിൽ നിന്ന് തൃശൂർ ഫയര്‍സ്റ്റേഷനിലേക്കെത്തിയ കോളുകൾ 135. മുൻവർഷങ്ങളേക്കാൾ ഭീതിജനകമായി തീപ്പിടിത്തം കൂടുമ്പോൾ ഓടിത്തളർന്ന് നട്ടം തിരിയുകയാണ് ഫയർഫോഴ്‌സ് ജീവനക്കാർ. കാടിനും പുല്ലിനും ചകിരിക്കും വാഹനങ്ങൾക്കും വാഹനങ്ങൾ സൂക്ഷിക്കുന്ന ഷോറൂമിനും പടക്കശാലയ്ക്കുമെല്ലാം തീ പിടിക്കുമ്പോൾ നിലവിലുള്ള വാഹനങ്ങളും ജീവനക്കാരും മതിയാകുന്നില്ല.
ഇന്നലെ കുട്ടനെല്ലൂരിൽ കാർ ഷോറൂമിന് തീപിടിച്ച സമയത്തായിരുന്നു കൊച്ചിയിൽ ബ്രഹ്മപുരം മാലിന്യപ്‌ളാന്റിലെയും തീപ്പിടിത്തം. തൃശൂരിലെ ഒരേയൊരു വാട്ടർബ്രൗസർ കൊച്ചിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം ലഭിച്ചതോടെ തൃശൂരിലെ ഫയർഫോഴ്‌സ് വെള്ളത്തിനായി നട്ടം തിരിഞ്ഞു. മൂന്ന് സ്റ്റേഷനിൽ നിന്ന് വെള്ളമെത്തിച്ചിട്ടും തീയണയ്ക്കാനായില്ല.
പിന്നീട് വടക്കഞ്ചേരിയിൽ നിന്ന് വാട്ടർടാങ്കറെത്തിച്ചാണ് തീയണച്ചത്. വേനൽ കടുക്കുന്ന പശ്ചാത്തലത്തിൽ തീപ്പിടിത്തവും കൂടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് കൂടുതൽ വാട്ടർടാങ്കറും വാട്ടർബ്രൗസറും ജീവനക്കാരും തൃശൂരിൽ വേണ്ടിവരുമെന്ന നിലയാണുള്ളത്.
12,000 ലിറ്റർ വാട്ടർ ബ്രൗസർ
12,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ബ്രൗസറാണ് തൃശൂരിൽ നിന്ന് ഇന്നലെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. തീപിടിത്തമുണ്ടായ കെട്ടിടത്തിന് മുകളിലേയ്ക്ക് ഹോസുമായി വലിഞ്ഞു കയറാതെ തന്നെ ജീവനക്കാർക്ക് വാട്ടർബ്രൗസർ പ്രവർത്തിപ്പിക്കാനാകും. ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ വരെ വെള്ളം ചീറ്റാൻ ശേഷിയുള്ള അത്യാധുനിക യന്ത്രമാണിത്.
ആറ് വർഷം മുൻപ് തിരുവനന്തരപുരത്തും കൊച്ചിയിലുമാണ് വാട്ടർ ബ്രൗസർ ആദ്യമെത്തിയത്. ഉയരമുള്ള കെട്ടിടത്തിന് മുകളിലേയ്ക്ക് വാട്ടർ ബ്രൗസർ വെള്ളം ചീറ്റുമ്പോഴും നിയന്ത്രണം താഴെ നിൽക്കുന്ന ഫയർമാന്റെ കൈയിൽ ഭദ്രമായിരിക്കും. ജലപീരങ്കിക്ക് സമാനമാണ് വാട്ടർ ബ്രൗസറിന്റെ പ്രവർത്തനം. വെള്ളത്തിനൊപ്പം ഫോമും വാട്ടർ ബ്രൗസറിൽ ശേഖരിക്കാൻ കഴിയും. നിലവിലുള്ള ഫയർ എൻജിനുകളുടെ ശേഷി ഇതിന്റെ നാലിലൊന്ന് മാത്രമാണ്.
വെള്ളം നിറയ്ക്കാൻ കാത്തിരിപ്പ്
വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഫയര്‍സ്റ്റേഷനിലേക്ക് നീട്ടിയിട്ടുണ്ടെങ്കിലും ഇന്നേവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇത് റോഡ് ടാർ ചെയ്തപ്പോൾ മൂടിപ്പോയ നിലയിലാണ്. നിലവിൽ ശക്തൻ മാർക്കറ്റിനടുത്ത് പച്ചക്കറി മാർക്കറ്റിന് മുന്നിലുള്ള കിണറിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. കോർപ്പറേഷന്റെ ലോറികൾ ശേഖരിച്ച ശേഷമാണ് ഫയർഫോഴ്‌സിന് വെള്ളം കിട്ടുന്നത്. വാട്ടർ അതോറിറ്റിയുടെ പീച്ചി പൈപ്പ് ലൈൻ നേരിട്ട് ലഭ്യമായാൽ ഇനി വെള്ളത്തിന്റെ ക്ഷാമം രൂക്ഷമാകാതിരിക്കാൻ സഹായകമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |