പട്ടാമ്പി: 33 വർഷത്തെ കാത്തിരിപ്പിന് വിരാമം, പരുതൂരിലെ പൂവക്കുഴി ജലസേചന പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ രണ്ടുകോടി അനുവദിച്ചെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് കടമ്പകളേറെയാണ്.
പദ്ധതിക്ക് കരാറുനൽകാൻ 40 ലക്ഷംരൂപ അനുവദിച്ചിട്ടുണ്ട്. അതുപയോഗിച്ച് പദ്ധതി ഭാഗികമായിപോലും പൂർത്തിയാക്കാനാവില്ല. പുതുതായി പദ്ധതി രൂപകല്പന ചെയ്ത് അനുമതിവാങ്ങി ആദ്യഘട്ടം പണിയണം. 25 കുതിരശക്തിയുള്ള മൂന്ന് മോട്ടറുകൾ പദ്ധതിക്ക് വേണം. ഇതിനുതന്നെ 45 ലക്ഷംരൂപയാകും. ട്രാൻസ്‌ഫോർമറിന് 50 ലക്ഷം. താത്കാലികമായി ലോ ടെൻഷൻ പ്രയോജനപ്പെടുത്തി ഭാഗികമായി അനുവദിച്ച തുകകൊണ്ട് പണി പൂർത്തിയാക്കിയാൽ തന്നെ മേഖലയിലെ കർഷകർക്ക് അതൊരു ആശ്വാസമാവും.
കാർഷിക മേഖലയ്ക്ക് ഉണർവേകും
64 ഹെക്ടർ സ്ഥലത്ത് ഒന്നാംവിളയ്ക്കും രണ്ടാംവിളയ്ക്കും വേനലിൽ പുഞ്ചക്കൃഷിക്കും ജലസേചനം ഉറപ്പാക്കാൻകഴിയുന്നതാണ് പൂവക്കുഴി ജലസേചന പദ്ധതി. വള്ളിക്കാട് തോട് പ്രയോജനപ്പെടുത്തിയാൽ കണ്ണാട്, ചെറുകുടങ്ങാട്, കാരമ്പത്തൂർ, കരിയന്നൂർ പാടശേഖരങ്ങളിൽ കൃഷി സജീവമാക്കാനും കഴിയും. പദ്ധതി യാഥാർത്ഥ്യമായാൽ നരിപ്പറ്റ കോളനി, കോഴിക്കുന്നാംപാറ ലക്ഷംവീട് കോളനി എന്നിവിടങ്ങളിൽ ശുദ്ധജല ലഭ്യതയും ഉറപ്പാക്കാം. കൂടാതെ കരിമ്പനക്കുന്ന് ഏഴിക്കോട് തോടുവഴി വെള്ളിയാങ്കല്ലുവരെ ജലസേചനം ഉറപ്പാക്കാനാവും.
ഇത് ചരിത്രം
33 വർഷംമുമ്പ് അന്നത്തെ കൃഷിമന്ത്രി കെ.ആർ.ഗൗരിയമ്മ തറക്കല്ലിട്ട പദ്ധതിയാണിത്. എന്നാൽ ഉറവിടമായ ഭാരതപ്പുഴയിൽ ജലലഭ്യത കുറഞ്ഞതും പുഴ ഗതിമാറി ഒഴുകിയതുമൊക്കെ പദ്ധതി വരാൻ തടസമായി. പദ്ധതിക്കായി വർഷങ്ങൾക്ക് മുമ്പ് സർവേയും മാപ്പിങ്ങും വിശദമായ പദ്ധതിരേഖയും പൂർത്തിയാക്കിയിരുന്നു. ബഡ്ജറ്റിൽ തുകയും നീക്കിവെച്ചിരുന്നെങ്കിലും പമ്പ്ഹൗസും മറ്റും പണിയാൻ സ്ഥലം, വേണ്ടസമയത്ത് ലഭിച്ചില്ല. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.പിന്നീട് പദ്ധതിക്കായി പഞ്ചായത്തിന്റെ പുറമ്പോക്കുഭൂമി കണ്ടെത്താൻ കഴിഞ്ഞു. പക്ഷേ, കാലതാമസം വന്നത് പദ്ധതി പ്രാവർത്തികമാക്കുന്നതിന് തടസമായി.
പദ്ധതിക്ക് വേണ്ടത് അഞ്ചുകോടിരൂപ
64 ഹെക്ടർ സ്ഥലത്തെ വിരിപ്പ്, മുണ്ടകൻ നെൽക്കൃഷിക്കും അതിനുശേഷം വേനൽക്കാല പച്ചക്കറിക്കൃഷിക്കും ജലസേചനസൗകര്യം ഉറപ്പാക്കാം
പദ്ധതി പൂർത്തിയായാൽ 345 ഏക്കർ സ്ഥലത്ത് നെൽക്കൃഷിക്കും പുഞ്ചക്കൃഷിക്കും ജലസേചനസൗകര്യമാവും
പുതിയ പദ്ധതി നിർമാണത്തിനായി സിവിൽ - വൈദ്യുതി - മെക്കാനിക്കൽ എന്നിവയെല്ലാം അടങ്ങിയ സമഗ്രപദ്ധതി ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |