തൃശൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ജില്ലയിൽ ആവേശോജ്ജ്വല വരവേൽപ്പ്. മൂന്ന് ദിവസത്തെ പര്യടനത്തിനായി ജില്ലയിൽ പ്രവേശിച്ച ജാഥയെ ജില്ലാ അതിർത്തിയായ ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം പാർട്ടി ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ സ്വീകരിച്ചു. തുറന്ന ജീപ്പിൽ എം.വി.ഗോവിന്ദനെ ആദ്യ സ്വീകരണ കേന്ദ്രമായ ചെറുതുരുത്തിയിലേക്ക് ആനയിച്ചു. തുടർന്ന് ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്ത് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈകീട്ട് കുന്നംകുളം, ചാവക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് തൃശൂരിലെത്തിയത്.
നഗരത്തിൽ ആവേശം നിറഞ്ഞ സ്വീകരണം
പൂരനഗരിയിൽ ജനകീയ പ്രതിരോധ യാത്രയെ ആയിരക്കണക്കിന് പേർ ചേർന്നാണ് സ്വീകരിച്ചത്. വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, കാവടി എന്നിവയുടെ അകമ്പടിയോടെയാണ് സ്വരാജ് റൗണ്ടിലേക്ക് സ്വീകരിച്ചത്. സ്ത്രീകളടക്കം ആയിരക്കണക്കിന് പേർ സ്വീകരണ നഗരിയിലെത്തി. തെക്കേ ഗോപുരനടയിൽ നടന്ന പൊതുയോഗത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. ജനകീയ പ്രതിരോധ യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് ഇ.പി ജാഥയിൽ പ്രസംഗിക്കുന്നത്. ജാഥാ മാനേജർ പി.കെ.ബിജു, സി.എസ് സുജാത, എം.സ്വരാജ്, കെ.ടി.ജലീൽ, ജെയ്ക്ക് സി.തോമസ്, കെ.ടി.ജലീൽ എന്നിവർ അനുഗമിച്ചു. തേക്കിൻകാട് നടന്ന പൊതുയോഗത്തിൽ സംഘാടക സമിതി ചെയർമാൻ എം.കെ.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, നേതാക്കളായ എ.സി.മൊയ്തീൻ, എൻ.ആർ.ബാലൻ, ബേബിജോൺ, യു.പി.ജോസഫ്, സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ.ഷാജൻ, സാഹിത്യകാരന്മാരായ വൈശാഖൻ, രാവുണ്ണി, മുരളീ ചീരോത്ത്, കരിവള്ളൂർ മുരളി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |