കൊല്ലം: ചെങ്കോട്ട - കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായുള്ള 3 ഡി വിജ്‌ഞാപനം ഉടൻ പുറത്തിറങ്ങും. ഭൂമി ഏറ്റെടുക്കുന്നതിന്റെ ആദ്യ ഘട്ടമായുള്ള 3എ വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു.
ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള സർവേ നടപടികൾ അന്തിമ ഘട്ടത്തിലാണ്. വനഭൂമി ഒഴികെയുള്ള മേഖലകളിലെ സർവേ ഏതാണ്ട് പൂർത്തിയായിവരുന്നു. വനമേഖലയിൽ 30 മീറ്ററും മറ്റ് മേഖകളിൽ 45 മീറ്ററും വീതിയിലാണ് ഭൂമി ഏറ്റെടുക്കുക. 3എ വിജ്ഞാപനം അനുസരിച്ച് വനമേഖലയിൽ 45 മീറ്ററും ജനവാസ മേഖലയിൽ 60 മീറ്ററുമാണ് വീതി നിശ്ചയിച്ചിരുന്നത്. ആവശ്യമായ റെക്കാഡുകൾ ഇല്ലാതിരുന്നതും അതിർത്തി കല്ലുകൾ നഷ്ടമായതും ഓഫീസ് പ്രവർത്തന ക്ഷമമാകാതിരുന്നതും സ്റ്റാഫിന്റെ കുറവും ആദ്യഘട്ടത്തിൽ സർവേയെ ബാധിച്ചിരുന്നു. കൂടുതൽ ജീവനക്കാരെത്തി സർവേക്കായി ആധുനിക സംവിധാനമായ ആർ.ടി.കെ കൂടി ലഭ്യമായതോടെ വേഗതയേറി. രണ്ടാഴ്ചക്കകം 3 ഡി നോട്ടിഫിക്കേഷൻ ഇറക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
ഭൂമി ഏറ്റെടുക്കൽ നീളും
മാർച്ച് 31ന് മുമ്പ് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശമെങ്കിലും അതിന് കഴിയില്ല. 3 ഡി വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞാൽ ഓരോരുത്തരുടെയും വസ്തുവിന്റെയും മരങ്ങളുടെയും കൃഷിയുടെയും കെട്ടിടങ്ങളുടെയും വില നിശ്ചയിക്കണം. ഇത് കണക്കാക്കിയാണ് നഷ്ടപരിഹാരം നൽകുക. കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 38.24 കിലോമീറ്റർ പാതയാണ് നാലുവരിയിൽ നിർമ്മിക്കുക. നിലവിലെ ആര്യങ്കാവ് - തെന്മല പാത 21 കിലോമീറ്റർ ദൂരം 30 മീറ്റർ വീതിയിലും വികസിപ്പിക്കും. ജില്ലയിലെ കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലായി 293.56 ഹെക്ടർ ഭൂമിയും തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ 56 ഹെക്ടർ ഭൂമിയും ഏറ്റെടുക്കാനാണ് ഹൈവേ ഡെപ്യൂട്ടി കളക്ടർ 3 എ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്.
പാതയുടെ നീളം : 59.36 കിലോ മീറ്റർ
ഏറ്റെടുക്കുന്ന ഭൂമി: 293.56 ഹെക്ടർ (3ഡി വിജ്ഞാപനത്തിൽ മാറ്റം വരും)
കടമ്പാട്ടുകോണം- ആര്യങ്കാവ് പാത വീതി: 45 മീറ്റർ (4 വരി)
ആര്യങ്കാവ്- തെന്മല വീതി: 30 മീറ്റർ
ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം ₹ 1840 കോടി
മാർച്ച് 31ന് മുമ്പ് കുറച്ച് ഭൂമിയെങ്കിലും ഏറ്റെടുത്ത് നടപടികൾ തുടങ്ങുകയാണ് ലക്ഷ്യം.
ദേശീയപാത വികസന അതോറിറ്റി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |