മയാമി : തലച്ചോർ കാർന്നുതിന്നുന്ന അപൂർവയിനം അമീബയുടെ ആക്രമണത്തിന് ഇരയായ ഫ്ലോറിഡ സ്വദേശിക്ക് ദാരുണാന്ത്യം. തെക്ക് പടിഞ്ഞാറൻ ഫ്ലോറിഡയിലെ ഷാർലെറ്റ് കൗണ്ടിയിലാണ് സംഭവം. ടാപ് വെള്ളം കൊണ്ട് മുഖം കഴുകുന്നതിനിടെ അമീബ മൂക്കിലൂടെ കടന്നിരിക്കാമെന്നാണ് കരുതുന്നത്. ഇതിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 23നാണ് ഇയാളിൽ അമീബ സാന്നിദ്ധ്യമുണ്ടെന്ന് ഫ്ലോറിഡ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ' നേഗ്ലേറിയ ഫൗലേറി "എന്ന ഈ അമീബ തലച്ചോറിനെ ബാധിക്കുന്നത് അമീബിക് മെനിഞ്ചൈറ്റിസ് രോഗത്തിന് കാരണമാകുന്നു. ഏകകോശ ജീവിയായ അമീബകൾക്കിടയിൽ ഏറ്റവും അപകടകാരിയാണ് നേഗ്ലേറിയ ഫൗലേറി.
തീരെ ചെറുതാണെങ്കിലും നേഗ്ലേറിയ ഫൗലേറി സൃഷ്ടിക്കുന്ന അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച ഒരാൾ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാദ്ധ്യത വെറും രണ്ട് ശതമാനമാണ്. തലവേദന, പനി, രുചി വ്യത്യാസം, ഛർദ്ദി തുടങ്ങിയവയാണ് അമീബിക് മെനിഞ്ചൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ട് ഏഴ് മുതൽ പതിനാല് ദിവസത്തിനുള്ളിൽ മരണം സംഭവിച്ചേക്കാം.
നദികൾ, തടാകങ്ങൾ, കുളങ്ങൾ, ഉഷ്‌ണജല പ്രവാഹങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഈ അമീബകളുടെ സാന്നിദ്ധ്യം ഉപ്പ് ജലത്തിൽ കണ്ടെത്തിയിട്ടില്ല. വ്യവസായ ശാലകളിൽ നിന്നും പുറംതള്ളുന്ന മലിനജലം, ക്ലോറിനേഷൻ നടത്താത്ത നീന്തൽക്കുളം എന്നിവിടങ്ങളിലും നേഗ്ലേറിയ ഫൗലേറി കാണപ്പെടുന്നു. കെട്ടിക്കിടക്കുന്നതും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. 40 ഡിഗ്രി ചൂട് വരെ താങ്ങാൻ ശേഷിയുള്ളവയാണ് നേഗ്ലേറിയ ഫൗലേറി.
ജലാശയങ്ങളിൽ നീന്തുമ്പോഴും മറ്റും മനുഷ്യന്റെ മൂക്കിലൂടെ കടന്നാണ് ഇവർ തലച്ചോറിലെത്തുന്നത്. മൂക്കിലൂടെ കടക്കുന്നതാണ് അപകടം. തലച്ചോറിനെയും നാഡീവ്യൂഹത്തെയും നശിപ്പിച്ച് ദ്രുതഗതിയിൽ മരണത്തിനിടയാക്കും. അതേ സമയം, ഇവ വായിലൂടെ ഉള്ളിലെത്തിയാൽ അപകടമില്ല. സ്ഥിരമായി ക്ലോറിനേഷൻ നടത്തുന്നതും ഇടയ്‌ക്കിടയ്‌ക്ക് വെള്ളം മാറ്റുന്നതുമായ നീന്തൽ കുളങ്ങളിൽ ഇക്കൂട്ടർ കാണപ്പെടില്ല.
നേഗ്ലേറിയ ഫൗലേറിയുടെ ആക്രമണത്തിന് വിധേയരായ ഒട്ടുമിക്കപേരും മരണത്തിന് കീഴടങ്ങിയതായാണ് പഠനങ്ങൾ. യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്ക് പ്രകാരം 1962നും 2021നും ഈ രോഗം ബാധിച്ച 154 പേരിൽ 4 പേർക്ക് മാത്രമാണ് യു.എസിൽ ജീവൻ തിരിച്ചുകിട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |