SignIn
Kerala Kaumudi Online
Saturday, 16 May 2026 10.44 PM IST

ഐസിസ്  ദക്ഷിണേന്ത്യയിൽ സജീവം, തെളിവുകൾ പുറത്ത്, കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ  സുരക്ഷാ ഏജൻസികൾ കൂടുതൽ പിടിമുറുക്കും 

terrorist

ന്യൂഡൽഹി : തങ്ങളുടെ ആളുകൾ ദക്ഷിണേന്ത്യയിൽ സജീവമായുണ്ടെന്ന് ഐസിസ് വെളിപ്പെടുത്തൽ. 'വോയ്സ് ഓഫ് ഖുറാസൻ' എന്ന മാസികയിലൂടെയാണ് ഐസിസ് വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ വർഷം നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ തങ്ങളുടെ പങ്കിനെ കുറിച്ചും മാസികയിൽ പ്രതിപാദ്യമുണ്ട്. കോയമ്പത്തൂരിലും, മംഗളൂരിലുമാണ് കഴിഞ്ഞ വർഷം സ്‌ഫോടനങ്ങൾ നടന്നത്. എന്നാൽ ഇതിൽ ആളപായമൊന്നും സംഭവിച്ചിരുന്നില്ല.

'വോയ്സ് ഓഫ് ഖുറാസന്റെ' 68 പേജുള്ള മാസികയിലാണ് പരാമർശങ്ങൾ. അതേസമയം ദക്ഷിണേന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഭീകരർ സജീവമായുള്ളതെന്ന് ഇതിൽ പറയുന്നില്ല. എന്നാൽ കേരളത്തിലടക്കം ഐസിസ് തീവ്രവാദികൾ സജീവപ്രവർത്തനം നടത്തുന്നതായിട്ടാണ് സുരക്ഷാ ഏജൻസികൾ കണക്കാക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് കോയമ്പത്തൂരിൽ നടന്ന കാർ സ്‌ഫോടനവും നവംബർ 19 ന് മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ പ്രഷർ കുക്കർ സ്‌ഫോടനവും നടത്തിയത് തങ്ങളുമായി ബന്ധമുള്ളവവരാണെന്ന് ഐസിസ് മുഖമാസിക സമ്മതിക്കുന്നു. എന്നാൽ ഈ മാസികയിൽ മംഗലാപുരത്തിന് പകരം ബാംഗ്ലൂർ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവർക്കായി കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 60 ലധികം സ്ഥലങ്ങളിൽ രണ്ടാഴ്ച മുൻപാണ് എൻ ഐ എ റെയിഡ് നടത്തിയത്. ഇതിന് പിന്നാലെയാണ് 'വോയ്സ് ഓഫ് ഖുറാസൻ' മാസികയിലെ വിവരങ്ങൾ പുറത്ത് വിടുന്നത് എന്നത് ശ്രദ്ധേയമാണ്.

മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഐസിസ് പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രസിദ്ധീകരണമാണ് 'വോയ്സ് ഓഫ് ഖുറാസാൻ'.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ISIS, ISLAMIC STATE TERRORISTS, SOUTH INDIA, IS MOUTHPIECE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360