SignIn
Kerala Kaumudi Online
Saturday, 16 May 2026 11.50 PM IST

പാന്റ്സിനുള്ളിൽ 5.5 കോടിയുടെ സ്വർണ കട്ടകൾ; ഇന്ത്യൻ വംശജൻ കസ്റ്റംസിന്റെ പിടിയിൽ 

gold-smuggler

ന്യൂഡൽഹി: പാന്റ്സിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 5.5 കോടി രൂപയുടെ 115 സ്വർണക്കട്ടകളുമായി ഇന്ത്യൻ വംശജനായ യുഎസ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിൽ. ഇന്നലെ സാൻ ഫ്രാൻസിസ്‌കോയിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ ഡൽഹിയിലെത്തിയത്. അന്താരാഷ്ട്ര തലത്തിൽ സ്വർണക്കടത്ത് സംഘങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് സ്വർണം എത്തിക്കാൻ ശ്രമിക്കുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ഇന്റർനാഷണൽ അറൈവൽസ് ടെർമിനലിൽ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.


വിമാനമിറങ്ങിയ യാത്രക്കാരന്റെ നീക്കങ്ങൾ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. യാതൊരുവിധ പരിശോധനകൾക്കും നിൽക്കാതെ വിമാനത്താവളത്തിന് പുറത്തുകടക്കാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ ഇയാളുടെ പെരുമാറ്റത്തിലും ശരീരഭാഷയിലും സംശയം തോന്നിയ കസ്റ്റംസ് സംഘം യാത്രക്കാരനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു.

തുടർന്ന് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഇയാളെ വിശദമായ ശരീരപരിശോധനയ്ക്ക് വിധേയമാക്കുകയും ലഗേജുകൾ പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയിലാണ് പ്രതിയിൽ നിന്ന് 3.5 കിലോഗ്രാമിലധികം തൂക്കം വരുന്ന 115 സ്വർണക്കട്ടകൾ കണ്ടെടുത്തത്. ധരിച്ചിരുന്ന പാന്റ്സിനുള്ളിലെ പ്രത്യേക ബെൽറ്റിലാണ് 24 കാരറ്റുള്ള സ്വർണക്കട്ടകൾ ഇയാൾ ഒളിപ്പിച്ചിരുന്നത്. കൂടാതെ, സാധാരണ പരിശോധനകളിൽ പെട്ടെന്ന് കണ്ടെത്താനാകാത്ത വിധം പാന്റസിനകത്തെ കീശയിലും തുന്നിച്ചേർത്ത നിലയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്.


പിടിച്ചെടുത്ത സ്വർണം കസ്റ്റംസ് കണ്ടുകെട്ടുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാൾക്ക് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർ തുടർച്ചയായി ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ മൊബൈൽ ഫോൺ, യാത്രാ ചരിത്രം, ബാങ്ക് ഇടപാടുകൾ, വിദേശത്തുള്ള ബന്ധങ്ങൾ എന്നിവയെല്ലാം നിലവിൽ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

ഡൽഹിയിൽ ആർക്ക് വേണ്ടിയാണ് സ്വർണം എത്തിച്ചതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതി കടത്തിക്കൊടുക്കുന്നയാൾ മാത്രമാണെന്നും ഇതിന് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്നുമാണ് കസ്റ്റംസ് സംശയിക്കുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് ശേഷം അടുത്ത കാലത്തായി സ്വർണക്കടത്ത് കേസുകളിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷയും നിരീക്ഷണവും കൂടുതൽ കർശനമാക്കിയിട്ടുണ്ട്. യാത്രക്കാരെ പരിശോധിക്കുന്നതിനായി അത്യാധുനിക സ്‌ക്രീനിംഗ് സാങ്കേതികവിദ്യകൾ അടക്കമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ARREST, CUSTOMS, GOLD BARS, SMUGGLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY