ഒറ്റപ്പാലം: വർണ്ണക്കാഴ്ചകളുടെ ചെപ്പുതുറന്ന് ചിനക്കത്തൂർ പൂരം ആഘോഷിച്ചു. വിസ്മയങ്ങളുടെ കാഴ്ചവിരുന്നൊരുക്കിയ പൂരം കാണാൻ കുംഭച്ചൂടിനെ വകവെക്കാതെ പതിനായിരങ്ങളെത്തി. രാവിലെ ആചാര ചടങ്ങുകൾക്ക് ശേഷം പൂരാഘോഷത്തിന് തുടക്കമായി. ചടങ്ങുകൾ ഇന്നുരാവിലെ വരെ നീളും.
പകൽപ്പൂരത്തിന് തുടക്കം കുറിച്ച് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ദേശക്കുതിരകൾ കാവ് പറമ്പിലെത്തി. 16 കുതിരകൾ ദേശക്കരുത്തിന്റെ പ്രതീകമായി വാനിലുയർന്ന് താഴുന്ന കാഴ്ചയിൽ പൂരാവേശം കൊടുമുടി കയറി. വെയിൽ ആറിയതോടെ 27 ആനകൾ അണിനിരന്ന പകൽപ്പൂരത്തിന്റെ വശ്യത കണ്ടാനന്ദിച്ചത് പുരുഷാരം ആർപ്പുവിളി മുഴക്കി.
കാളവേലകൾ ഒരുക്കിയ കാഴ്ചകൾ വേറെ. മേളവും തായമ്പകയും പഞ്ചവാദ്യവും കൊണ്ട് വാദ്യകലയിലെ പ്രമാണക്കാരായ പെരുവനവും മട്ടന്നൂരും അനിയൻ മാരാരും ആരാധകരെ ആവേശത്തിലാറാടിച്ചു.
കുമ്മാട്ടി മുതൽ തട്ടിൽമേൽ കൂത്ത്, പൂതൻ, തിറ, വെള്ളാട്ട്, നായാടി വരെയുള്ള നാടൻ കലാരൂപങ്ങളുടെ മതിമറന്ന പ്രകടനവും നയന വിസ്മയമായി. കുംഭം കളി, വേഷങ്ങൾ, ബാന്റ് വാദ്യം മുതലായവയുടെ അകമ്പടിയോടെ എത്തിയ അമ്പതിലേറെ സ്പെഷ്യൽ പൂരാഘോഷങ്ങൾ വേറിട്ട അനുഭവമായിരുന്നു.
കിഴക്കൻ ചേരി, പടിഞ്ഞാറൻ ചേരി എന്നിങ്ങനെ ഏഴ് ദേശങ്ങൾ ഒരുക്കിയ ആനപ്പൂരത്തിലെ കൂട്ടിയെഴുന്നള്ളിപ്പ് പൂരത്തിന്റെ ദൃശ്യവിരുന്നായി. ഒറ്റപ്പാലം (തോട്ടക്കര), പാലപ്പുറം, എറക്കോട്ടിരി, മീറ്റ്ന, തെക്ക് മംഗലം, വടക്ക് മംഗലം, പല്ലാർ മംഗലം എന്നിങ്ങനെ ചിനക്കത്തൂരിന്റെ തട്ടകദേശങ്ങൾ പൂരത്തിന്റെ പ്രൗഢി കൂട്ടുന്ന കാഴ്ചകൾ ഒരുക്കാൻ മത്സരിച്ചു. പകൽപ്പൂരത്തിന് സമാപനം കുറിച്ച് വെടിക്കെട്ടും നടന്നു.
രാത്രി പകൽ പൂരത്തിന്റെ ആവർത്തനം അരങ്ങേറി. ഇന്നുരാവിലെയും പൂരച്ചടങ്ങുകൾ ആവർത്തിച്ച് ദേശക്കാർ പിരിയും. അടുത്ത പൂരത്തിന് കാണാമെന്ന ആവേശത്തോടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |