മൂവാറ്റുപുഴ: ഒരു വനിതാ ദിനം കൂടി കടന്നുവരുമ്പോൾ ഷൈനി മോൾ അഗസ്റ്റ്യൻ എന്ന കായിക അദ്ധ്യാപികയുടെ പ്രചോദനാത്മകമായ ജീവിതത്തിലേക്ക് കണ്ണോടിക്കാം. കഴിഞ്ഞ 29 വർഷമായി ഈസ്റ്റ് വാഴപ്പിള്ളി അസീസി ബധിര വിദ്യാലയത്തിൽ കായിക അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന ഷൈനി മോൾ ഭിന്നശേഷിക്കാരെ കുട്ടികളെ പരിമിതികൾ മറന്ന് കുതിക്കുന്നതിന് ഊർജം പകരുകയാണ്.
നഴ്സറി മുതൽ 10 ക്ലാസ് വരെയുള്ള ഭിന്നശേഷി വിദ്യാർത്ഥികൾക്കാണ് ഷൈനിമോൾ പരിശീലനം നൽകുന്നത്. ഷൈനി മോളുടെ പരിശീലനത്തിന് കീഴിൽ ഈസ്റ്റ് വാഴപ്പിള്ളി അസീസി ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സ്പെഷ്യൽ സ്കൂൾ കായികമേളയിൽ ജില്ലാ - സംസ്ഥാന തലത്തിൽ എല്ലാ വർഷവും മികച്ച വിജയമാണ് സ്വന്തമാക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി ദേശീയ തലത്തിൽ സ്കൂളിന് മെഡലുകളും നേടാനായി. ഭിന്നശേഷിക്കുട്ടികൾക്ക് പരിശീലനം നൽകുന്നത് വെല്ലുവിളി കൂടിയ ദൗത്യമാണ്. മത്സരം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും അതിനാവശ്യമായ നിർദ്ദേശങ്ങൾ അടയാളങ്ങളിലൂടെ കുട്ടികൾക്ക് നൽകണം. അത്‌ലറ്റിക്സിൽ പരിശീലനം നൽകുമ്പോൾ ആംഗ്യ ഭാഷയിലൂടെയും ലിപ് റീഡിംഗിലൂടെയുമാണ് കുട്ടികളുമായി ആശയവിനിമയം നടത്തുന്നത്.കഴിഞ്ഞ മാസം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ദേശീയ ബധിര കായിക മേളയിൽ സ്കൂളിലെ നാല് കുട്ടികൾ രണ്ട് സ്വർണ മെഡലും നാല് വെള്ളി മെഡലും നേടി കേരളത്തിന്റേയും അസീസി സ്കൂളിന്റേയും യശസ് ഉയർത്തിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഈ അദ്ധ്യാപിക കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടയാളാണ്. ഭർത്താവ് ഷാജി വർഗീസ് വാഴക്കുളം ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ ഹെഡ്മാസ്റ്ററാണ്. മക്കളായ ജിത്തു, അച്ചു, റിച്ചു എന്നിവർ വിദ്യാർത്ഥികളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |