കൊച്ചി: ഏഴ് ദിവസം പിന്നിടുമ്പോഴും ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീയണയ്ക്കാനാകാതെ ജില്ലാ ഭരണകൂടവും നഗരസഭയും അനുബന്ധ സംവിധാനങ്ങളും. അഗ്നിശമനസേനയുടെ 30ലേറെ വാഹനങ്ങളും 300ലേറെ ഉദ്യോഗസ്ഥരും നാവികസേനയുടെയും സിയാലിന്റെയും ബി.പി.സി.എല്ലിന്റെയുമെല്ലാം ഫയർ എൻജിനുകളും ജീവനക്കാരും വ്യോമ- നാവിക സേനകളുടെ ഹെലികോപ്റ്ററുകളും പരിശ്രമിച്ചിട്ടും തീ അണയ്ക്കാനായിട്ടില്ല.
കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തീയണയാത്തതാണ് വെല്ലുവിളി. തീയണയ്ക്കാനാകാത്തതിനെതിരെ രൂക്ഷ വിമർശനമുയരുമ്പോഴും ഇരുട്ടിൽ തപ്പുകയാണ് അധികൃതർ.
കൂടുതൽ യന്ത്രങ്ങൾ
കൂടുതൽ മണ്ണ് നീക്കൽ യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം നാല് മീറ്റർ വരെ താഴ്ചയിൽ നീക്കി പുക ഉയരുന്ന ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യലാണ് നടക്കുന്നത്. ഒരേസമയം കൂടുതൽ മണ്ണ് നീക്കൽ യന്ത്രങ്ങൾ എത്തിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം ഊർജിതമാക്കും. 31 മണ്ണ് നീക്കൽ യന്ത്രങ്ങളാണ് തീയണയ്ക്കാൻ പ്രവർത്തിക്കുന്നത്. ജില്ലയിൽ നിന്ന് 28 മണ്ണ് നീക്കൽ യന്ത്രങ്ങളും കോട്ടയം ജില്ലയിൽ നിന്ന് രണ്ടും തൃശൂരിൽ നിന്ന് ഒന്നും യന്ത്രങ്ങൾ എത്തിച്ചു. നേവിയുടെ ഹെലികോപ്ടറും പ്രവർത്തിക്കുന്നുണ്ട്.
അതിവേഗ നടപടികൾ
സ്വീകരിച്ചെന്ന് ജില്ലാ ഭരണകൂടം
മാർച്ച് 2ന് തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ മുതൽ ഫയർ ഫോഴ്‌സ്, പൊലീസ് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നു ജില്ലാ കളക്ടർ ഡോ. രേണുരാജ് അറിയിച്ചു. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക ഉയരുന്ന മേഖലകളിൽ മാലിന്യങ്ങൾ മാന്തി മാറ്റി അകത്തേയ്ക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും അവർ പറഞ്ഞു.
നേവി, വ്യോമസേനയുൾപ്പെടെ കേന്ദ്ര ഏജൻസികളുടെ സഹായം ലഭ്യമാക്കി. മിനുട്ടിൽ 60,000 ലിറ്റർ എന്ന തോതിലാണ് വെള്ളം വെള്ളം പമ്പ് ചെയ്യുന്നത്.
300 അഗ്‌നിശമനസേനാ ജീവനക്കാർ, 70 മറ്റു തൊഴിലാളികൾ, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി, ജെ.സി.ബി ഓപ്പറേറ്റർമാർ, 31 ഫയർ യൂണിറ്റുകൾ, 4 ഹെലികോപ്റ്ററുകൾ, 14 ഓളം അതിതീവ്ര മർദ്ദ ശേഷിയുള്ള ജലവാഹക പമ്പുകൾ, 36 ഹിറ്റാച്ചി ജെ.സി.ബികൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |