തലശ്ശേരി: മനസ്സിനുള്ളിൽ അതിരുകൾ സൃഷ്ടിക്കപ്പെടുമ്പോഴാണ് സമൂഹത്തിൽ സ്പർദ്ധയും, വിദ്വേഷവും ഉടലെടുക്കുന്നതെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു.ജഗന്നാഥക്ഷേത്രോത്സവത്തോടനുബന്ധിച്ച് മതവും വിശ്വാസവും എന്ന വിഷയത്തെ അധികരിച്ച് നടന്ന ആദ്ധ്യാത്മിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഇന്ന് കൊടുക്കൽ വാങ്ങൽ മാത്രമേയുള്ളു.ഹൃദയത്തിന്റെ പങ്കുവെപ്പില്ല.ജീവിച്ചിരിക്കുമ്പോൾ നാം മഹത്തുക്കളെ തിരിച്ചറിയുന്നില്ല. മരണാനന്തരം നമ്മൾ അവർക്കായി മഹാസൗധങ്ങൾ പണിയുകയാണ്.സമൂഹത്തിലെ അടിത്തട്ടിലുള്ളവർക്കായി തലശ്ശേരിയിൽ ക്ഷേത്രത്തിന് അടിക്കല്ലിടുമ്പോൾ ഗുരു പറഞ്ഞത് ക്ഷേത്രം തന്നെ ക്ഷേത്രത്തെ ഉണ്ടാക്കിക്കൊള്ളുമെന്നാണ്. അതാണ് പിന്നീട് സംഭവിച്ചതും. മാനസികതയുടെ മലർവാടികളാണ് ഗുരു പ്രതിഷ്ഠിച്ച ആരാധനാലയങ്ങൾ.ഗുരുവിന്റെ മഹാകാരുണ്യമാണ് ജഗന്നാഥ ക്ഷേത്രം. ജ്ഞാനത്തിന്റെ അപാരതയിൽ കെട്ടിയുയർത്തിയ ക്ഷേത്രമാണിത്. പൈതൃകമെന്നത് നമ്മുടെ സ്വത്വമാണ്. മോക്ഷപ്രാപ്തിയുടെ വഴികൾ തേടി മാത്രം സഞ്ചരിച്ച ആളായിരുന്നില്ല ഗുരുദേവൻ.സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള സാധാരണക്കാർക്കൊപ്പം സഞ്ചരിക്കാനും, അവർക്ക് വേണ്ടി നിലകൊള്ളാനും അക്കാലത്ത് ഗുരു കാണിച്ച ധൈര്യം അപാരമാണെന്നും സ്വാമി പറഞ്ഞു.
ജാതി മത ചിന്തകൾക്ക തീതമായി ചിന്തിക്കാൻ ഒരു പരിധി വരെ ഇന്ന് മനുഷ്യർക്ക് സാധിക്കുന്നുണ്ടെങ്കിലും ഗുരുവിന്റെ കാലഘട്ടം അതായിരുന്നില്ലെന്ന് നാം ഓർക്കണമെന്ന്
ജില്ലാ ജഡ്ജ് വി.പി.എം.സുരേഷ് മുഖ്യഭാഷണത്തിൽ പറഞ്ഞു.
ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ വിശിഷ്ടാതിഥിയായിരുന്നു. കണ്ണൂർ ബിഷപ്പ് ഡോ: അലക്സ് വടക്കുംതല :ഡൽഹി മലയാള സമാജം പ്രസിഡന്റ് സി. ചന്ദ്രൻ ,മഠം ഏകോപന സമിതി പ്രസിഡന്റ് രവീന്ദ്രൻ മുരിക്കോളി സംസാരിച്ചു.ഇ ചന്ദ്രൻ സ്വാഗതവും, രാഘവൻ പൊന്നമ്പത്ത് നന്ദിയും പറഞ്ഞു. തുടർന്ന് കോഴിക്കോട് ബീറ്റർസിറ്റ് മെഗാഷോ അരങ്ങേറി.
'സർവ്വ മത സമ്മേളന ശതാബ്ദി മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന വിഷയത്തിൽ ഇന്ന് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് 7ന് ഡി.ജി.പി.ഡോ.ബി.സന്ധ്യ ഉദ്ഘാടനം ചെയ്യും.ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിക്കും.ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യ പ്രഭാഷണം നടത്തും. സ്വാമി സുനിൽദാസ് ,ചലച്ചിത്ര സംവിധായകൻ വിനയൻ, കെ.ആർ.മനോജ് (ഡൽഹി) ടി.കെ.രാജൻ ( മംഗലാപുരം) സംസാരിക്കും. 10 മണിക്ക് മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |