കോട്ടയം . ചൂടിന്റെ കാര്യത്തിൽ കോട്ടയം ഗൾഫാവുകയാണോ? താപസൂചിക പ്രകാരം അപകട മേഖലയിലുള്ള ജില്ലയുടെ പട്ടികയിൽ കോട്ടയത്തിന്റെ പേരും വന്നതോടെയാണ് സംശയമുയരുന്നത്. ചൂടിന്റെ തീവ്രത വിലയിരുത്തി ദുരന്തനിവാരണ സേന പുറത്തിറക്കിയ സൂചിക പ്രകാരം ജില്ലയിൽ ഈ ദിവങ്ങളിൽ അനുഭവപ്പെടുന്നത് 45 ഡിഗ്രിയ്ക്ക് മുകളിൽ ചൂടെന്നാണ്.
അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുള്ളത്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ അനുഭവപ്പെടുക രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ അളവിലുള്ള ചൂടാണ്. മഴ മുന്നറിയിപ്പ് പട്ടികകളിലൊന്നും ജില്ല ഇടംപിടിക്കാത്തതിനാൽ വരുംദിവസങ്ങളിലും ചൂട് വർദ്ധിക്കും. സൂര്യാഘാതവും നിർജ്ജലീകരണവും ഉൾപ്പെടെയുള്ള ഭീഷണി വേറെയും.
റെക്കാഡ് ചൂടിലേയ്ക്ക്
പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത് 38 ഡിഗ്രി. ഈ വർഷത്തെ റെക്കോർഡ് ചൂടാണ് ഇത്. 2020 ൽ രേഖപ്പെടുത്തിയ 38.6 ഡിഗ്രിയാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ മാർച്ചിൽ അനുഭപ്പെട്ട റെക്കാഡ് ചൂട്. ഏതാനും വർഷങ്ങളായി മാർച്ചിൽ പകൽച്ചൂട് പല ദിവസങ്ങളിലും 37 ഡിഗ്രിയ്ക്ക് മുകളിലെത്താറുണ്ട്.
ഇങ്ങനെ ചൂടായാലെങ്ങനാ.
ഏറ്റവും ഉയർന്ന താപനില കോട്ടയത്ത്
രണ്ടാമത് പുനലൂരും കണ്ണൂരും
വേനൽമഴയില്ലെങ്കിൽ ചൂട് കൂടും
അന്തരീക്ഷ ആർദ്രതയും താഴ്ന്നു
അസുഖങ്ങളെ പേടിക്കണം
മൂത്രത്തിൽ കല്ല്, അണുബാധ, നിർജ്ജലീകരണം, നേത്രരോഗങ്ങൾ, ഉദരരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യതയേറെയാണ്. കുടിവെള്ളത്തിന്റെ അളവ് ഇരട്ടിയാക്കണം. ഉച്ചനേരങ്ങളിൽ സൂര്യന്റെ ചൂട് നേരിട്ടേൽക്കുന്നത് ഫംഗസ് ബാധയ്ക്കും ചൂടുകുരുവിനും കാരണമാകും.
ശാസ്ത്ര നിരീക്ഷകൻ രാജഗോപാൽ കമ്മത്ത് പറയുന്നു.
മുറ്റത്ത് നിന്ന് കോൺക്രീറ്റ് ടൈലുകൾ മാറ്റി മണ്ണ് വിരിച്ചാൽ നാല് ഡിഗ്രിവരെ ചൂട് കുറയ്ക്കാം. കോൺക്രീറ്റ് നിർമ്മാണങ്ങൾ കൂടുതലുള്ള സ്ഥലത്താണ് ചൂട് കൂടുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |