മലയിൻകീഴ് : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ കാലു തല്ലിയൊടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല കാക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ പേയാട് ചെറുപാറ അഖിൽ ഭവനിൽ എം.അരുണി(39)നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ തിട്ടമംഗലം കൈലാസം വീട്ടിൽ സി.സുനിൽകുമാർ (36),തിട്ടമംഗലം മാറത്തല വീട്ടിൽ വി.കിരൺ വിജയ്(26), കൊടുങ്ങാനൂർ മരുവർത്തല വീട്ടിൽ ആർ.ശ്രീജിത്ത്കുമാർ(28)എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് രാത്രി 9.30നായിരുന്നു സംഭവം. അരുണിനെ ഇരുമ്പ് കമ്പിക്കും ക്രിക്കറ്റ് സ്റ്റമ്പിനും അടിച്ച് കാലൊടിക്കുകയായിരുന്നു. അരുൺ മയക്കുമരുന്നടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും വിളപ്പിൽശാല സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. അരുൺ മുമ്പ് ശ്രീജിത്തിന്റെ വീട്ടിൽ കയറി സ്ത്രീകളെ ചീത്തവിളിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. അറസ്റ്റിലായ പ്രതികളെല്ലാവരും വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഒളിവിലായിരുന്ന പ്രതികളെപ്പറ്റി റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കാട്ടാക്കട ഡിവൈ.എസ്.പി എസ്. അനിൽകുമാർ,വിളപ്പിൽശാല എസ്.എച്ച്.ഒ എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്,സി.പി.ഒ മാരായ അജിൽ, അജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |