മുംബയ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി തന്നെ പത്ത് വർഷത്തോളം പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുംബയ് പൊലീസ് നടപടി തുടങ്ങി. ദുബായിൽ ബാർ ഡാൻസറായിരുന്ന ബീഹാർ സ്വദേശിയായ 33കാരിയാണ് മുംബയ് പൊലീസിൽ പരാതി നൽകിയത്. കേസ് നടപടികളിലേക്ക് കടന്ന പൊലീസ് ചോദ്യം ചെയ്യലിന് ബിനോയ് കോടിയേരിയോട് ഹാജരാകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴിയ്‌ക്കൊപ്പം സാക്ഷികളുടെ മൊഴിയും പൊലീസ് ആദ്യം രേഖപ്പെടുത്തും. ബിനോയ്് കോടിയേരിക്കെതിരെ ശക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് യുവതി കഴിഞ്ഞ ദിവസം ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതു കൂടാതെ തന്റെ മകനെ ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.
വിവാഹ വാഗ്ദാനം നൽകി തന്നെ പത്ത് വർഷത്തോളം പീഡിപ്പിച്ചെന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും ആ ബന്ധത്തിൽ എട്ട് വയസുള്ള ഒരു മകൻ ഉണ്ടെന്നും ആരോപിച്ചാണ് യുവതി പരാതി നൽകിയത്. മുംബയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഈ മാസം 13നാണ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂർവം അപമാനിക്കൽ ), 506 (ഭീഷണിപ്പെടുത്തൽ ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ അന്വേഷണം നടത്തിവരികയാണെന്ന് ഓഷിവാര പൊലീസ് ഇൻസ്‌പെക്ടർ ശൈലേഷ് പാസൽവാർ പറഞ്ഞു.
എന്നാൽ യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് ബിനോയ്് കോടിയേരി ആരോപിക്കുന്നത്. ഇതിൻ പ്രകാരം കണ്ണൂർ പൊലീസിന് പരാതിയും നൽകിയിരുന്നു. ഒന്നരമാസം മുൻപ് കണ്ണൂർ റെയ്ഞ്ച് ഐജിക്ക് നൽകിയ പരാതിയിൽ യുവതിക്കെതിരെ കേരളത്തിലും കേസെടുക്കുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |