കോട്ടയം : ബ്രഹ്മപുരം മാലിന്യം പരിഭ്രാന്തി പരത്തുന്നതിനിടെ കോട്ടയം നഗരസഭയുടെ വടവാതൂരിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് യന്ത്രങ്ങൾ സ്ഥാപിക്കാൻ കമ്പനിയെത്തിയെങ്കിലും വിജയപുരം പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയിൽ മാലിന്യനീക്കം അനിശ്ചിതത്വത്തിലായി. നഗരസഭയുടെ ഡംപിംഗ് യാർഡ് പ്രവർത്തിക്കുന്നത് വിജയപുരം പഞ്ചായത്തിലാണ്. പഞ്ചാത്തിന്റെ അനുമതിയില്ലാതെയാണ് യന്ത്രങ്ങളുടെ സ്ഥാപിക്കലും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളുമെന്നാരോപിച്ചാണ് പഞ്ചായത്ത് ഇടഞ്ഞത്. 66 ലക്ഷം രൂപയ്ക്ക് കരാറെടുത്ത കോഴിക്കോട് ആസ്ഥാനമായ എം സി കെ കുട്ടി എൻജിനിയറിംഗ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡാണ് പ്ലാന്റിൽ സംസ്കരണ യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങിയത്. നഗരസഭ ഏകപക്ഷീയമായാണ് തീരുമാനം എടുത്തതെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടിയും പഞ്ചായത്ത് അംഗങ്ങളും പ്ലാന്റിലെത്തി പ്രവർത്തനങ്ങൾ തടഞ്ഞു. പ്ലാന്റിനെ ചൊല്ലി ഹൈക്കോടതിയിൽ കേസ് തുടരുന്നതിനിടെയുള്ള നടപടി തെറ്റാണെന്നും അവർ പറഞ്ഞു.
നീക്കുക 8500 ക്യുബിക് മീറ്റർ മാലിന്യം
വടവാതൂരിലെ കേന്ദ്രം തുടങ്ങിയിട്ട് എഴുപത് വർഷത്തിലേറെയായി. മാലിന്യം തള്ളൽ ഇപ്പോൾ നടക്കുന്നില്ലെങ്കിലും മാലിന്യമല മണ്ണുമൂടികിടക്കുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളും ജൈവമാലിന്യങ്ങളും കൂടിച്ചേർന്നാണ് കിടക്കുന്നത്. 8500 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്യാനാണ് തീരുമാനം. വേനലിൽ സ്ഥിരം തീപിടിത്തമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എട്ട് ഏക്കറുള്ള കേന്ദ്രത്തിന് സമീപമാണ് ശാന്ത്രിഗ്രാം കോളനി. സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് 2013 ലാണ് പ്ലാന്റ് പൂട്ടിയത്. എന്നാൽ മാലിന്യം നീക്കിയിരുന്നില്ല.
സംസ്കരണം ഇങ്ങനെ
കമ്പനി കേരളത്തിൽ ആദ്യമായി ഏറ്റെടുത്ത ജോലി
ബയോ മൈനിംഗ് ട്രൊമ്മൽ ഉപയോഗിച്ച് മാലിന്യം നീക്കം
പ്ലാസ്റ്റിക്, മെറ്റൽ എന്നിങ്ങനെ 12 ഇനങ്ങളായി തരം തിരിക്കും
റീസൈക്കിൾ ചെയ്യാവുന്നവ ഒഴികെ പ്രത്യേക പ്ലാന്റുകളിൽ സംസ്കരിക്കും
പ്ളാസ്റ്റിക് ത്രിച്ചിയിലെ പ്ലാന്റിലെത്തിച്ച് സംസ്കരിക്കും
മാലിന്യനീക്കത്തോട് എതിർപ്പില്ല, എന്നാൽ പഞ്ചായത്തിനെ അറിയിക്കാതെയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. കാടുതെളിച്ചപ്പോൾ ദുർഗന്ധമുണ്ടായി. യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി വാങ്ങണം.
- വി.ടി. സോമൻകുട്ടി, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |