തോൽപ്പെട്ടി: വയനാട്ടിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ബൊമ്മനും സുരേഷും കാലങ്ങളായി തേൻ ശേഖരിക്കുന്നവരാണ്. പത്തും ഇരുപതും പേരടങ്ങുന്ന ഗ്രൂപ്പുകളായി ഇവർ വനങ്ങളിലെത്തി വൻമരങ്ങളിൽ നിന്നടക്കം തേൻ ശേഖരിക്കും.. ഇവരുടെ പരമ്പരാഗത തൊഴിലിന് കരുതലൊരുക്കുകയാണ് പട്ടികവർഗ വികസന വകുപ്പ്. ആദിവാസി ജനവിഭാഗത്തിന്റെ പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കാൻ നടപ്പാക്കിവരുന്ന പദ്ധതി അനുസരിച്ച് തേൻ ശേഖരണത്തിൽ ഏർപ്പെടുന്നവർക്കായി പ്രായോഗിക സുരക്ഷാ പരിശീലനം നൽകി. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി ), കേരള ഫയർ ആൻഡ് റസ്ക്യൂ സർവീസുമായി സഹകരിച്ചാണ് പരിശീലനം നൽകിയത്. തേൻ ശേഖരണത്തിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, അപകടങ്ങൾ ഉണ്ടായാൽ നൽകേണ്ട പ്രഥമ ശുശ്രൂഷകൾ, വിവിധയിനം ഉപകരണങ്ങളുടെ ശാസ്ത്രീയമായ ഉപയോഗം എന്നിവയിലാണ് ഒരു ദിവസം നീണ്ടുനിന്ന പരിശീലനം നൽകിയത്.
തേൻ ശേഖരണം, തരം തിരിക്കലും സൂക്ഷിക്കലും ബ്രാൻഡിംഗും വിപണനവും തുടങ്ങി മൂന്ന് ഘട്ടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത് . ആദ്യഘട്ടത്തിൽ പരിശീലനത്തിന് പുറമേ സുരക്ഷിതമായ തേൻശേഖരണത്തിന് ആവശ്യമായ വിവിധ ഇനം ഉപകരണങ്ങളും വടം ഉൾപ്പെടെയുള്ള അനുബന്ധസാമഗ്രികളും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് നൽകും. രണ്ടാംഘട്ടത്തിൽ തേൻ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ആവശ്യമായ ഫിൽറ്ററിംഗ് മെഷീനും സൂക്ഷിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും നൽകും. മൂന്നാംഘട്ടത്തിൽ ശേഖരിക്കുന്ന തേനുകൾ മെച്ചപ്പെട്ട വില ലഭിക്കുന്ന വിധത്തിൽ ബ്രാൻഡ് ചെയ്ത് പുതുനാമത്തിൽ പുറത്തിറക്കുന്നതിന് ആവശ്യമായ സഹായങ്ങളും പദ്ധതിയുടെ ഭാഗമാണ്. തേൻ ശേഖരണത്തിനു പുറമേ, വന വിഭവങ്ങളുടെ ശേഖരണം, ചൂരലും മുളയും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കൾ തയ്യാറാക്കൽ എന്നിവ പദ്ധതിയുടെ ഭാഗമാണ്.തേൻ ശേഖരണത്തിന് വേണ്ടി റോപ്പ് വടം, കന്നാസ്, മഴു, ടോർച്ച്, ഷൂസ് എന്നിവ നൽകും. കേരളത്തിലെ 8 ജില്ലകളിലാണ് പദ്ധതിനടത്തിപ്പാക്കുന്നത്. തോൽപ്പെട്ടിക്കടുത്ത് കക്കേരി കോളനിയിൽ നടന്ന പരിശീലന പരിപാടി മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ സി.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. കാട്ടികുളം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഓഫീസർ വിശ്വാസ് പി.വി., അസി.സ്റ്റേഷൻ ഓഫീസർ ജയിംസ് .ടി.സി, ദിലീപ് പി.സി. തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |