കൊച്ചി: ചില ഡ്രൈവർമാരുടെയും കാൽനട യാത്രികരുടെയും റോഡിലെ മാന്യമായ ഇടപെടലുകൾ കണ്ട് സല്യൂട്ട് നൽകാൻ ആഗ്രഹിച്ചവർ ഏറെയുണ്ടാകും. ഇങ്ങനെ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നവർക്കും റോഡിൽ മറ്റ് യാത്രക്കാർക്ക് കരുതലാകുന്നവർക്കും നമുക്ക് വേണ്ടി ഇനി മോട്ടോർ വാഹനവകുപ്പിന്റെ (എം.വി.ഡി ) സമ്മാനമെത്തും. ട്രാഫിക്ക് സംസ്കാരത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വേറിട്ടൊരു പദ്ധതി എം.വി.ഡി നടപ്പാക്കുന്നത്.
കൊച്ചിൻ കപ്പൽശാലയുടെ സഹകരണത്തോടെ എറണാകുളത്താണ് ആദ്യമായി ഗിഫ്റ്റ് പദ്ധതി കൊണ്ടുവരുന്നത്. വൈകാതെ മറ്റ് ജില്ലകളിലും നടപ്പാക്കും. സി.സി.ടിവി ദൃശ്യങ്ങൾ, സാമൂഹിക മാദ്ധ്യമങ്ങളിലെ വീഡിയോകൾ, പരിശോധനയ്ക്കിടെ നേരിട്ട് ശ്രദ്ധയിൽപ്പെടുന്ന കാര്യങ്ങൾ എന്നിവയിലൂടെയാണ് റോഡിലെ മര്യാദരാമന്മാരെ എം.വി.ഡി കണ്ടെത്തുക.
കാക്കിയും വെള്ളയും
റോഡിൽ മാന്യമായി പെരുമാറുന്ന ബസ്, ടാക്സി, ഓട്ടോ ഡ്രൈവർമാർക്ക് പ്രത്യേക ലോഗോ പതിപ്പിച്ച കാക്കി ടീ ഷർട്ടും സ്വകാര്യ വാഹന യാത്രക്കാർക്കും മറ്റും വെള്ള ടീ ഷർട്ടുമാണ് സമ്മാനമെന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എം. നജീബ് പറഞ്ഞു.
ടി.എസ്.പി കാമ്പയിൻ
ഉദ്ഘാടനം ഇന്ന്
വിദേശരാജ്യങ്ങളിലേത് പോലെ മികച്ച റോഡ് സംസ്കാരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന താങ്ക്സ്, സോറി, പ്ലീസ് ( ടി.എസ്.പി ) കാമ്പയിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നടി മഞ്ജു വാര്യർ മുഖ്യാതിഥിയാകും. ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, കൊച്ചി ഷിപ്പ്യാർഡ് ചെയർമാൻ മധു എസ്. നായർ, കളക്ടർ എൻ.എസ്.കെ ഉമേഷ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ തുടങ്ങിയവർ പങ്കെടുക്കും. കാമ്പയിനിന്റെ ഭാഗമായി നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, നടി മഞ്ജു വാര്യർ തുടങ്ങിയവരുടെ സന്ദേശങ്ങളടങ്ങിയ ആറ് ഹ്രസ്വ വീഡിയോകളും പുറത്തിറക്കും. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എം. നജീബിന്റേതാണ് ആശയം. പ്രജീഷ് പ്രേമാണ് സംവിധാനം.
മറ്റ് പദ്ധതികൾ
• ബോധവത്കരണ ലോഗോ പതിക്കൽ
• ആർ.ജെകൾക്ക് പ്രത്യേക ക്ലാസ്
• നഗരകേന്ദ്രങ്ങളിൽ ബോധവത്കരണ ക്ലാസ്
നല്ല ഡ്രൈവർമാർക്ക് സമ്മാനം ലഭിക്കുകയും അത് പത്ര,ദൃശ്യ മാദ്ധ്യമങ്ങളിൽ വരുന്നതോടെയും ലഭിക്കുന്ന അംഗീകാരം മറ്റുള്ളവർക്ക് പ്രചോദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഷാജി മാധവൻ
ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ
എം.വി.ഡി, മദ്ധ്യമേഖ രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |