ന്യൂഡൽഹി: ആഗോള ചെറുധാന്യ സമ്മേളനം ഇന്ത്യയുടെ സമഗ്രവികസനത്തിന്റെ മാദ്ധ്യമമായി മാറുന്നെന്നും ഇത് രാജ്യത്തെ ചെറുകിട കർഷകർക്ക് സമൃദ്ധിയിലേക്കുള്ള വാതിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള നന്മയോടുള്ള ഇന്ത്യയുടെ ഉത്തരവാദിത്വങ്ങളുടെ പ്രതീകമാണ് സമ്മേളനം.
ഒരാളുടെ പ്രതിമാസ ചെറുധാന്യ ഉപഭോഗം മൂന്നിൽ നിന്ന് 14 കിലോയായി വർദ്ധിച്ചു. ഇന്ത്യയുടെ ഈ മേഖലയിലെ ദൗത്യം 2.5 കോടി ചെറുധാന്യ കർഷകർക്ക് അനുഗ്രഹമാകും. നമ്മുടെ ഭക്ഷ്യ സുരക്ഷയുടെയും ഭക്ഷണ ശീലങ്ങളുടെയും പ്രശ്നങ്ങൾക്ക് ഇത് പരിഹാരമായേക്കാമെന്നും അദ്ദഹം പറഞ്ഞു. ചെറു ധാന്യങ്ങൾക്ക് അനന്തസാദ്ധ്യതകളുണ്ട്. ലോകം അന്താരാഷ്ട്ര ചെറുധാന്യ വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ യജ്ഞം ഈ ദിശയിലുള്ള സുപ്രധാന ചുവട് വയ്പ്പാണെന്നതിൽ ആഹ്ലാദമുണ്ട്. കോടിക്കണക്കിന് ജനങ്ങളുടെ പോഷകാഹാരത്തിന്റെ അടിസ്ഥാനമായ ചെറുധാന്യങ്ങൾ 13 സംസ്ഥാനങ്ങളിലെ പ്രധാന കൃഷിയാണ്. ചെറുധാന്യ സമ്മേളനം സംഘടിപ്പിച്ചതിന് എത്യോപ്യ പ്രസിഡന്റ് സഹ്ലെ വർക്ക് സെവ്ഡെ, ഗയാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഇർഫാൻ അലി തുടങ്ങിയ ഭരണാധികാരികൾ ഇന്ത്യയെ അഭിനന്ദിച്ചു. സ്മരണിക സ്റ്റാമ്പും സ്മാരക നാണയവും ഇന്ത്യൻ ചെറു ധാന്യ സ്റ്റാർട്ടപ്പുകളെ കുറിച്ചുള്ള പുസ്തകവും ഡിജിറ്റലായി പ്രധാനമന്ത്രി പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |