പറവൂർ: കിടപ്പ് രോഗികളെ പരിചരിക്കാനെന്ന വ്യാജേന എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല ഊരിയെടുത്ത് മുങ്ങി. കൈതാരം പഴയ പോസ്റ്റ് ഓഫീസിന് സമീപം പൂവത്തിങ്കൽ റോഡിൽ സ്ഥിതിചെയ്യുന്ന ഗ്രീൻലാൻഡ് വില്ലയിലെ കിഴക്കേകിളികൂടയിൽ വീട്ടിൽ ഭവാനിയുടെ (83) ഒന്നേകാൽ പവന്റെ സ്വർണമാലയാണ് കവർന്നത്.
ഇന്നലെ രാവിലെ 11.30 ഓടെയാണ് സ്ത്രീകൾ ഇവരുടെ വീട്ടിലെത്തിയത്. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബാധിച്ചവരെ പരിപാലിക്കാൻ എത്തിയവരാണ് തങ്ങളെന്ന് പരിചയപ്പെടുത്തിയാണ് വയോധികയുമായി സംസാരിച്ചത്. കുറച്ചുനേരം സംസാരിച്ചതിനുശേഷം അമ്മയുടെ മാലയുടെ കൊളുത്ത് ഊരിക്കിടക്കുകയാണല്ലോ എന്ന് ഇവർ പറഞ്ഞു. ഇത് ശരിയാക്കിത്തരാമെന്ന് പറഞ്ഞ് മാല ഊരിയെടുത്തു. എന്നിട്ട് മാലയുടെ കൊളുത്ത് ശരിയാക്കുന്ന രീതിയിൽ അഭിനയിക്കുന്നതിനിടയിൽ സ്ത്രീകളുടെ കൈയിൽ കരുതിയിരുന്ന മറ്റൊരു മാല ഇവർക്ക് അണിയിച്ചുകൊടുത്തു. എന്നാൽ മാലയിൽ സംശയം തോന്നിയ വയോധിക ബഹളം വെച്ചു.
വീട്ടിൽ ഉറങ്ങുകയായിരുന്ന ഇവരുടെ ചെറുമകൻ അഭിഷേക് (20) ബഹളംകേട്ട് പുറത്തേക്ക് വന്നപ്പോഴേക്കും സംഘം കടന്നു കളഞ്ഞു. അമ്മുമ്മയുടെ അടുത്തുവന്ന് വിഷയം തിരക്കുന്നതിനിടയിലാണ് മാല കവർന്ന വിവരം പറഞ്ഞത്. ഉടൻ തന്നെ അഭിഷേക് പുറത്തേക്ക് ഓടിച്ചെന്ന് നോക്കിയപ്പോഴേക്കും ഇവർ സ്കൂട്ടറിൽ കടന്നുകളഞ്ഞു. പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും കവർച്ച നടത്തിയവരെ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപത്തെ സി.സി ടിവി കാമറകൾ പരിശോധിച്ചെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒരാൾ ചുരിദാർ ധരിച്ച് മുഖത്ത് മാസ്ക് ഉപയോഗിച്ച് മറച്ചനിലയിലും മറ്റൊരു സ്ത്രീ ഓവർകോട്ട് ധരിച്ചുമാണ് എത്തിയതെന്നും വയോധിക പൊലീസിനോട് പറഞ്ഞു. വയോധികയ്ക്ക് മോഷണസംഘം അണിയിച്ച മാല മുക്കുപണ്ടമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |