തിരുവനന്തപുരം: ലാ കോളേജിൽ കഴിഞ്ഞ ചൊവാഴ്‌ച രാത്രിയുണ്ടായ സംഘർഷത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പൊലീസ് ഇന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. ദൃശ്യങ്ങൾ കോളേജ് അധികൃതർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും. ശനിയാഴ്‌ച സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അന്ന് നടന്ന പി.ടി.എ യോഗം രാത്രി വൈകി അവസാനിച്ചതിനാൽ പരിശോധന തിങ്കളാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ കണ്ടാലറിയാവുന്ന 60 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. എസ്.എഫ്.ഐ അതിക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ ഇന്ന് ഉച്ചയ്‌ക്ക് 12ന് നിയമസഭയിലേക്ക് മാർച്ച് നടത്തും.
അതേസമയം, എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന കോളേജിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. പി.ടി.എ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സർവകക്ഷിയോഗവും ഇന്ന് കോളേജിൽ ചേരും. ഓഫ്‌ലൈൻ ക്ലാസുകളുടെ കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനമുണ്ടാകും. സസ്‌പെൻഷനിലായ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളുമായി വീണ്ടും ചർച്ചയുമുണ്ടാകും. പഠിപ്പിക്കാനുളള സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകർ കോടതിയെ സമീപിച്ചേക്കും.
കേരളത്തിന് അപമാനം: ജി.സി.ടി.ഒ
ലാ കോളേജിൽ അദ്ധ്യാപകരെ ബന്ദികളാക്കി ആക്രമണം നടത്തിയ സംഭവം വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറിയ കേരളത്തിന് അങ്ങേയറ്റം അപമാനമുണ്ടാക്കിയെന്ന് ഗവ.കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജി.സി.ടി.ഒ) പ്രസിഡന്റ് ഡോ.കെ.അനിൽകുമാർ പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മറവിൽ അരാജകത്വവും അക്രമവും അഴിച്ചുവിടുന്നതും അദ്ധ്യാപകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്നതും അവസാനിപ്പിക്കണം. കഴിഞ്ഞ കുറച്ചു നാളുകളായി കാമ്പസുകളിൽ അദ്ധ്യാപകർക്കെതിരെ വിദ്യാർത്ഥി സംഘടനകളുടെ പേരിൽ നടക്കുന്ന കൈയേറ്റവും ഭീഷണിപ്പെടുത്തലും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത് നാടിന്റെ ഭാവി അപകടത്തിലാക്കും. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ അധികാരികൾ തയാറാകണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |