ന്യൂ ഡൽഹി: ശ്രദ്ധ വാക്കർ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുൻപ് ഡൽഹിയിൽ മറ്റൊരു അരും കൊല കൂടി റിപ്പോർട്ട് ചെയ്തു. യുവതിയുടെ മുറിച്ചുമാറ്റിയ ശരീര അവശിഷ്‌ടങ്ങൾ കണ്ടെത്തിയത് പ്ളാസ്റ്റിക് സഞ്ചിയിൽ. സരായ് കാലേ ഖാൻ മേഖലയിലെ റാപിഡ് മെട്രോ നിർമ്മാണം നടക്കുന്ന സ്ഥലത്താണ് സഞ്ചിയിൽ വലിച്ചെറിഞ്ഞ നിലയിൽ അഴുകിയ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. തലയോട്ടി, കൈപ്പത്തി, രണ്ട് എല്ലുകൾ, നീളൻ തലമുടി എന്നിവയാണ് സഞ്ചിയിലുണ്ടായിരുന്നത്.
ദുർഗന്ധത്തെത്തുടർന്ന് സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾ നടത്തിയ തെരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഇവർ പൊലീസിൽ അറിയിക്കുകയായിരുന്നു. അവശിഷ്‌ടങ്ങൾ ശാസ്ത്രീയ പരിശോധനയ്‌ക്കായി ഡൽഹി എയിംസിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഇരയെ തിരിച്ചറിയാനുളള നടപടികൾ ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. രാത്രിയിൽ കൊലപാതകി തന്നെയാവാം സഞ്ചി ഉപേക്ഷിച്ചതെന്ന സംശയത്തിലാണ് അന്വേഷണസംഘം. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു.
ഡൽഹി-യു.പി അതിർത്തിയായ നോയിഡയിൽ മാർച്ച് 16ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയിരുന്നു. സരായ് കാലേ ഖാൻ മേഖലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾക്ക് ഇവയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസിനെ വഴിതെറ്റിക്കാൻ കൊലപാതകി വിവിധയിടങ്ങളിലായി ശരീര ഭാഗങ്ങൾ വലിച്ചെറിഞ്ഞതാണോയെന്നും സംശയിക്കുന്നു.
മുംബയ് വസായ് സ്വദേശിനിയായ ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പലതായി മുറിച്ച് മാറ്റിയ ശേഷം ഡൽഹിയിലെ വിവിധയിടങ്ങളിൽ തള്ളിയ സംഭവത്തിൽ ആൺസുഹൃത്ത് ആഫ്‌താബ് പൂനാവാല അറസ്റ്റിലായത് നവംബറിലാണ്. അഞ്ജൻ ദാസ് എന്ന വ്യക്തിയെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി പത്ത് കഷ്‌ണങ്ങളാക്കി മുറിച്ച ശേഷം ശരീര ഭാഗങ്ങൾ ഡൽഹിയിലെ പാണ്ഡവ് നഗർ മേഖലയിലെ പലയിടങ്ങളിലായി ഉപേക്ഷിച്ചതും സമൂഹത്തെ ഞെട്ടിച്ച സംഭവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |