ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായ മൂന്ന് പെൺകുട്ടികൾക്ക് രക്ഷകരായി കേരള പൊലീസ്. വണ്ടിത്താവളം കെകെഎം ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം പ്ലസ് വൺ വിദ്യാർഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണ് കൊല്ലങ്കോട് പൊലീസ് സമയത്ത് സ്കൂളിലെത്തിച്ചത്. കേരള പൊലീസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
കൊല്ലങ്കോട്ടുനിന്നു വടവന്നൂർ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലാണ് കുട്ടികൾ കയറിയത്. എന്നാൽ, ഗതാഗത തടസം ഉണ്ടായതോടെ കൃത്യസമയത്ത് സ്കൂളിൽ എത്തിക്കാൻ കഴിയില്ലെന്ന് ബസുകാർ അറിയിച്ചു. തുടർന്ന് പല വാഹനങ്ങൾക്കും കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ല. ടാക്സി വാഹനങ്ങളിൽ പോകാൻ പണമില്ലാതിരുന്ന കുട്ടികൾ കൊല്ലങ്കോട് സ്റ്റേഷനിലെത്തി കാര്യം അറിയിച്ചു. ഉടനെ തന്നെ പൊലീസ് വാഹനത്തിൽ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തിച്ചു. അദ്ധ്യാപകരെ കണ്ടു വിവരമറിയിച്ചു. കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണു പൊലീസുകാർ മടങ്ങിയത്. കഴിഞ്ഞ ദിവസം കാസർകോട് ഹോട്ടലിൽ ഹാൾടിക്കറ്റ് മറന്നുവച്ച വിദ്യാർത്ഥികൾക്ക് രക്ഷകരായെത്തിയ പൊലീസിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായപ്പോൾ ആ മൂന്നു പെൺകുട്ടികൾ കരഞ്ഞുകൊണ്ട് ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. ഒരു നിമിഷം പോലും വൈകാതെ മൂവരെയും ജീപ്പിലിരുത്തി പൊലീസുകാർ പരീക്ഷാ ഹാളിലെത്തിച്ചു. വണ്ടിത്താവളം കെകെഎം ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം പ്ലസ് വൺ വിദ്യാർഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണു കൊല്ലങ്കോട് പൊലീസ് സമയത്തു സ്കൂളിലെത്തിച്ചത്.
കൊല്ലങ്കോട്ടുനിന്നു വടവന്നൂർ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലാണു കുട്ടികൾ കയറിയത്. ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ആലമ്പള്ളം ചപ്പാത്തിലായിരുന്നു ഗതാഗതതടസ്സം. ഗുഡ്സ് ഓട്ടോ കേടുവന്നു ചപ്പാത്തിൽ കുരുങ്ങിയതായിരുന്നു പ്രശ്നം. കൃത്യസമയത്തു സ്കൂളിൽ എത്തിക്കാൻ കഴിയില്ലെന്നു ബസുകാർ അറിയിച്ചതോടെ പല വാഹനങ്ങൾക്കും കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ല. ടാക്സി വാഹനങ്ങളിൽ പോകാൻ പണമില്ലായിരുന്നു. ഇതോടെയാണു കുട്ടികൾ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടികളെ സമയത്ത് എത്തിക്കാമെന്നു പൊലീസ് തന്നെ സ്കൂളിൽ അറിയിച്ചു.
ഉടനെ തന്നെ പൊലീസ് വാഹനത്തിൽ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തിച്ചു. അധ്യാപകരെ കണ്ടു വിവരമറിയിച്ചു കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണു പൊലീസ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |