SignIn
Kerala Kaumudi Online
Thursday, 19 February 2026 10.14 AM IST

'താമര ഹിന്ദു - ബുദ്ധമത ചിഹ്നം'; മതപരമായ  പേരുകളും  ചിഹ്നങ്ങളും  ഉപയോഗിക്കുന്ന കേസിൽ ബി ജെ പിയെ കക്ഷി ചേർക്കണമെന്ന് മുസ്ലിം ലീഗ്

Increase Font Size Decrease Font Size Print Page
supreme-court

ന്യൂഡൽഹി: ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധമതങ്ങളുടെ ചിഹ്നമാണെന്ന് മുസ്ലിം ലീഗ്. മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരെയുള്ള കേസിലെ ഹർജി പരിഗണിക്കവെയാണ് മുസ്ലിം ലീഗിന്റെ വാദം. ഹർജിയിൽ ബി ജെ പിയെയും കക്ഷി ചേർക്കണമെന്ന് സുപ്രീംകോടതിയിൽ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബി ജെ പിയെ കക്ഷി ചേർത്തില്ലെങ്കിൽ ഹർജി തള്ളണമെന്നും മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ വാദിച്ചു. സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും അഭിഭാഷകൻ ഹാരിസ് ബീരാനുമാണ് ലീഗിനായി കോടതിയിൽ ഹാജരായത്. മതങ്ങളുടെ പേര് ഉപയോഗിക്കുന്ന ശിവസേനയും ശിരോമണി അകാലിദളും ഉൾപ്പടെ 27 രാഷ്ട്രീയ പാർട്ടികളെക്കൂടി കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.

മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യദ് വസീം റിസ്‌വിയാണ് ഹർജി നൽകിയത്. മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക് അനുവദിച്ച പേരും ചിഹ്നവും റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ഈ ഹർജി പരിഗണിക്കുന്നതിനിടെയിലാണ് ലീഗിന്റെ അഭിഭാഷകർ ഈ ആവശ്യമുന്നയിച്ചത്.

മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും കേസിൽ കക്ഷി ചേർക്കാൻ പരാതിക്കാരനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇയാൾ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്, ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല് മുസ്ലിമീൻ എന്നീ പാർട്ടികളെ മാത്രമാണ് കേസിൽ കക്ഷി ചേർത്തത്. തുടർന്നാണ് മുസ്ലിംലീഗ് ബി ജെ പിയെയും കക്ഷി ചേർക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഹർജി അടുത്ത മാസം പരിഗണിക്കുന്നതിനായി സുപ്രീംകോടതി മാറ്റി.

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT, BJP, MUSLIM LEAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY