വെള്ളറട: 66-ാമത് തെക്കൻകുരിശുമല തീർത്ഥാടനത്തോടനുബന്ധിച്ച് ഡിവൈൻ മേഴ്സി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.മാനുവൽ കരിപ്പോട്ട് നേതൃത്വം നൽകുന്ന വചനാനുഭവ ധ്യാനം കുരിശുമല ഡയറക്ടർ ഡോ.വിൻസെന്റ് കെ.പീറ്റർ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ധ്യാനം വൈകിട്ട് 6 മുതൽ 8.30 വരെയാണ്. രാവിലെ 5ന് സംഗമവേദിയിൽ നെയ്യാറ്റിൻകര രൂപത ചാൻസലർ ഡോ.ജോസ് റാഫേൽ ദിവ്യബലി അർപ്പിച്ചു. തുടർന്നു നടന്ന പ്രഭാതവന്ദനത്തിലും സങ്കീർത്തന പാരായണത്തിലും ടി.കെ.മോഹനൻ നേതൃത്വം നൽകി. ഇന്നലെ നെറുകയിൽ നടന്ന ദിവ്യബലികൾക്ക് ഫാ.ജസ്റ്റിൻ ഫ്രാൻസിസ്,ഫാ.അരുൺ കുമാർ എന്നിവർ നേതൃത്വം നൽകി, നിത്യാരാധന ചാപ്പിലിൽ ഫാ.ജോയി സാബു,ഡോ.അലോഷ്യസ് സത്യനേശൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. സംഗമവേദിയിൽ ജാഗരണ പ്രാർത്ഥനയും നടന്നു. ഇന്നലെ രാവിലെ ഉണ്ടൻകോട് സെന്റ് ജോസഫ് ഫെറോന ദേവാലയത്തിൽ നിന്ന് കെ.സി.വൈ.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 35 അടിനീളവും 25 അടി വീതിയുമുള്ള മരക്കുരിശും ചുമന്ന് യുവാക്കളുടെ കുരിശിന്റെ വഴി നടന്നു. ഫാ.ജോൺ ബാപ്റ്റീസ്റ്റ് ഉണ്ടൻകോട് ഇടവക വികാരിയായിരുന്നപ്പോഴാണ് തെക്കൻ കുരിശുമലയിൽ 1957 മാർച്ച് 27 ന് മരക്കുരിശ് സ്ഥാപിച്ചത്. അതിന്റെ ഓർമകൾ അനുസ്മരിച്ച് എല്ലാ വർഷവും മരക്കുരിശ് ചുമന്ന് കൊണ്ടുവന്ന് സ്ഥാപിക്കും. ഫാ.സാവിയോ ഫ്രാൻസിസ്,കെ.സി.വൈ.എം പ്രസിഡന്റ് സജി, സെക്രട്ടറി ജോഫി, ട്രഷറർ ഷാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |