ചെന്നൈ: നടൻ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. ലക്ഷങ്ങൾ വിലമതിക്കുന്ന രത്‌നങ്ങളും സ്വർണ്ണാഭരണങ്ങളുമാണ് മോഷണം പോയത്. ഫെബ്രുവരി 10നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ഐശ്വര്യ അറിയുന്നത്. ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, നവരത്‌നം സെറ്റ്, അറം നെക്ക്‌ലേസ്, 60 പവന്റെ വളകൾ എന്നിവ മോഷണം പോയതായി പരാതിയിൽ പറയുന്നു. വീട്ടിലെ ജോലിക്കാരായ മൂന്ന് പേരെ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്നുണ്ട്.
തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും 2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് ഈ ആഭരണങ്ങളെല്ലാം വീട്ടിലെ ലോക്കറിൽ വച്ചതെന്നും ഐശ്വര്യ പറയുന്നു. സെന്റ് മേരീസ് റോഡിലെ അപ്പാർട്ട്‌മെന്റിലായിരുന്നു അവ സൂക്ഷിച്ചിരുന്നത്. എന്നാൽ, 2022 ഏപ്രിൽ 9ന് ഈ ലോക്കർ രജനികാന്തിന്റെ പയസ് ഗാർഡനിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു.
ലോക്കറിന്റെ താക്കോൽ സെന്റ് മേരീസ് അപ്പാർട്ട്‌മെന്റിലെ അലമാരയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നതെന്ന് ജോലിക്കാർക്ക് അറിയാമായിരുന്നു. ഐശ്വര്യ തന്നെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പൊലീസിന് കൈമാറിയത്. തെയ്‌നാംപേട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യയുടെ പരാതിയിൽ സെക്ഷൻ 381 പ്രകാരം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |