നെന്മാറ: കൊയ്ത്തിനു പാകമായി വരുന്ന നെൽപ്പാടങ്ങളിൽ കവട്ട ഇനത്തിൽപ്പെട്ട കള കതിരു നിരന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കി. അയിലൂർ കാക്രാംകോട് പാടശേഖര സമിതിയിൽ ഉൾപ്പെട്ട ആലംപള്ളത്തിനടുത്തുള്ള പാടത്താണ് കവട്ട വ്യാപനം രൂക്ഷം. നെൽച്ചെടിയോട് സാമ്യമുള്ളതും പരിചയ സമ്പന്നരായ തൊഴിലാളികൾക്ക് മാത്രം തിരിച്ചറിഞ്ഞ് പറിച്ചു മാറ്റാൻ കഴിയുന്ന ഇനം കളയാണിത്. കതിര് നിരക്കുന്ന സമയത്താണ് കളയുടെ സാന്നിധ്യവും രൂക്ഷതയും കർഷകർ മനസ്സിലാക്കുന്നത്. വളമിടൽ തുടങ്ങി എല്ലാ കൃഷിപ്പണിയും കഴിഞ്ഞ് വിളവെടുക്കാറാവുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഈ കള നെല്ലിന്റെ ഉൽപാദനത്തെ കാര്യമായി ബാധിക്കും. എന്നാൽ നെല്ലിന് മുമ്പ് തന്നെ മൂപ്പെത്തി വിത്ത് കൊഴിയുന്നതിനാൽ അടുത്ത വിളയിലും ഈ കള കൂടുതലായി വ്യാപിക്കുന്നുണ്ടെന്ന് കർഷകനായ എം.ദേവൻ പെരുമാങ്കോട് പരാതിപ്പെട്ടു. അടുത്ത വിളക്കുള്ള വിത്തിനു തിരഞ്ഞെടുക്കുന്ന നെൽപ്പാടങ്ങളിലെ കവട്ട എന്ന കള തിരഞ്ഞ് അരിഞ്ഞു മാറ്റുകയാണ് കർഷകർ ചെയ്യുന്നത്. കളയുടെ വിത്ത് മൂപ്പ് ആകുന്നതിനു മുമ്പ് അരിഞ്ഞു മാറ്റിയില്ലെങ്കിൽ അടുത്ത വിളയിലും നെല്ലിനൊപ്പം വളരുമെന്ന് കർഷകർ പറഞ്ഞു. ആയതിനാൽ അധിക സാമ്പത്തിക ചെലവുണ്ടെങ്കിലും നെൽപ്പാടത്ത് ഇറങ്ങി നെല്ലിന് കേടു വരാത്ത രീതിയിൽ അരിഞ്ഞുമാറ്റുന്ന തിരക്കിലാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |