1-0ത്തിന് മ്യാൻമറിനെ തോൽപ്പിച്ചു,ഗോളടിച്ചത് അനിരുദ്ധ് ഥാപ്പ
ഇംഫാൽ : മണിപ്പൂരിന്റെ മണ്ണിൽ ആദ്യമായി നടന്ന അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിൽ വെന്നിക്കൊടി പാറിച്ച് ഇന്ത്യ.ത്രിരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റിൽ മ്യാൻമറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ ഇന്നലെ കീഴടക്കിയത്. 45-ാം മിനിട്ടിൽ അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയുടെ വിജയഗോളടിച്ചത്.
ഇംഫാലിലെ ഖുമാൻ ലാംപക് സ്റ്റേഡിയത്തിൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ചത് ഇന്ത്യയാണെങ്കിലും ഗോളുകൾ അധികം പിറന്നിരുന്നില്ല.14-ാം മിനിട്ടിലാണ് ഇന്ത്യയ്ക്ക് ആദ്യമായി നല്ലൊരവസരം സൃഷ്ടിക്കാനായത്. എന്നാൽ സുനിൽ ഛെത്രിയുടെ ഹെഡർ പുറത്തേക്കാണ് പോയത്. ലാലിയൻ സുവാല ചാംഗ്തെയും ബിപിൻ സിംഗും ചേർന്ന് തുടർന്നും മ്യാൻമർ ഗോൾ മുഖത്ത് അപകടങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. 22-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്നുള്ള മ്യാൻമറിന്റെ ഗോൾ ശ്രമം അമരീന്ദർ സേവ് ചെയ്തു. 31-ാം മിനിട്ടിൽ ലഭിച്ച ഒരു സുവർണാവസരവും ഛെത്രി പാഴാക്കിയിരുന്നു.
തുടർന്ന് മ്യാൻമറിന്റെ ഭാഗത്തുനിന്ന് നല്ലൊരു നീക്കമുണ്ടായി. 35-ാം മിനിട്ടിലെ ഈ ശ്രമമവും അമരീന്ദർ നിർവീര്യമാക്കുകയായിരുന്നു.40-ാം മിനിട്ടിൽ ഛെത്രിയിൽ നിന്ന് സെൽഫ് ഗോൾ പിറക്കേണ്ടതായിരുന്നുവെങ്കിലും അവിടെയും അമരീന്ദർ രക്ഷകനായി. ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ രാഹുൽ ഭെക്കെ നൽകിയ തകർപ്പൻ ക്രോസിൽ നിന്നാണ് അനിരുദ്ധ് ഗോളടിച്ചത്.
രണ്ടാം പകുതിയിൽ ലീഡുയർത്താൻ ഇന്ത്യയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചു.74-ാം മിനിട്ടിൽ ഥാപ്പയുടെ പാസിൽ നിന്ന് ഛെത്രി വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |