കോട്ടയം: ഈസ്റ്റർ -വിഷു ആഘോഷത്തിനായി നാട്ടിലെത്താൻ ഒരുങ്ങിയിരിക്കുന്ന മലയാളികൾക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല.പല ട്രെയിനുകളിലും മാസങ്ങൾക്ക് മുമ്പ് തന്നെ ബുക്കിംഗ് കഴിഞ്ഞു. ബെംഗലൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാക്കനിയാണ്. എല്ലാ ആഘോഷകാലത്തും മലയാളികൾ അനുഭവിക്കുന്ന ദുരിതമാണിത്. തിരക്കേറുന്ന ഈസ്റ്റർ - വിഷു കാലയളവിൽ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചിട്ടില്ല. ബെംഗലൂരുവിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് രാവിലെ 8.35ന് കോട്ടയത്ത് എത്തുന്ന കന്യാകുമാരി എക്സ്പ്രസിൽ ഏപ്രിൽ ഒന്നിലെ സ്ലീപ്പർ വെയിറ്റിംഗ് ലിസ്റ്റ് 206 ആണ്.
ഈസ്റ്ററിനും വിഷുവിനും അടുത്ത ദിവസങ്ങളിലും സ്ലീപ്പർ വെയ്റ്റിംഗ് ലിസ്റ്റ് നൂറിന് മുകളിലാണ്. നാട്ടിൽ നിന്ന് തിരിച്ചുപോകാനും ഈ ദിവസങ്ങളിൽ കൺഫേം ടിക്കറ്റ് ഇല്ല. തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾക്ക് കഴുത്തറുപ്പൻ നിരക്കാണ്. അധികതുക നൽകി നാട്ടിലെത്താൻ ശ്രമിച്ചാലും സീറ്റുകൾ പരിമിതമാണ്. തത്കാൽ ടിക്കറ്റ് ഓൺലൈനായി എടുക്കാനും ബുദ്ധിമുട്ടാണ്. യാത്ര പുറപ്പെടുന്നതിന്റെ തലേന്ന് മാത്രമേ തത്കാൽ ബുക് ചെയ്യാനാകൂ എന്നതിനാൽ സീറ്റ് ഉറപ്പിക്കാനാകാതെ വരും.
ബസുകളിലും അധികനിരക്ക്
ബെംഗലൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകളും ആഘോഷവേളകളിൽ അധികനിരക്കാണ് ഈടാക്കുന്നത്. ബസ് നിരക്ക് ഇരട്ടിയിലേറെ വർദ്ധിക്കും.വേനലവധിക്കാലത്തെ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ പലപ്പോഴും സ്പെഷൽ ട്രെയിനുകൾ ഓടിക്കുമ്പോൾ അറിയിപ്പ് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ മാത്രമാണ് ലഭിക്കുന്നത്. അതിനാൽ ഭൂരിഭാഗം പേർക്കും ഇതിന്റെ ഗുണം ലഭിക്കാറില്ല.
എല്ലാ ആഘോഷകാലത്തും മലയാളി അനുഭവിക്കുന്ന ദുരിതമാണ് ട്രെയിൻ ടിക്കറ്റ് ഇല്ല എന്നത്. സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടോയെന്ന കാര്യത്തിലും തീരുമാനമായില്ല"
ഫ്രണ്ട്‌സ് ഓൺ റെയിൽസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |