പത്തനംതിട്ട : കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന വന്നതോടെ ജില്ലയിലും ജാഗ്രതാ നടപടികൾ. അടൂർ ജനറൽ ആശുപത്രിയിലും തിരുവല്ല താലൂക്ക് ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗങ്ങളിൽ പത്തുവീതം കിടക്കകൾ ഒഴിച്ചിട്ടു. കിടത്തി ചികിത്സ വേണ്ടുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചാൽ കോന്നി മെഡിക്കൽ കോളേജിലും കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തിക്കുന്നതിനാൽ കൊവിഡ് രോഗികൾക്ക് കിടത്തി ചികിത്സയില്ല.
കൊവിഡ് കേസുകൾ ഉയരുന്നത് ഭീഷണി അല്ലെങ്കിലും ഏതു സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ.എൽ.അനിതകുമാരി പറഞ്ഞു. വൈറസിന്റെ പുതിയ വകഭേദം മാരക രോഗശേഷിയുള്ളതല്ലെന്നാണ് നിഗമനം. ജില്ലയിൽ മൂന്ന് കൊവിഡ് രോഗികൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അവരുടെ സ്ഥിതി ഗുരുതരമല്ല. അതേസമയം, ശരാശരി എട്ടു മുതൽ പത്ത് വരെ രോഗികളുടെ വർദ്ധനയുണ്ട്. രോഗികൾ കൂട്ടത്തോടെ വർദ്ധിക്കുന്ന ക്ളസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല.
പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനങ്ങൾ ജില്ലയിലും നടപ്പാക്കും. രോഗമുളളവരും പ്രായമായവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കുകയും മാസ്ക് ധരിക്കുകയും വേണം.
ജില്ലയിൽ ആശുപത്രിയിൽ കഴിയുന്ന
കൊവിഡ് രോഗികൾ : 3
പൊതു ഇടങ്ങളിൽ മാസ്ക്
ധരിക്കണമെന്ന് ആരോഗ്യവകുപ്പ്
'' ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രികൾ സജ്ജമാണ്. മന്ത്രിതല യോഗത്തിലെ നിർദേശങ്ങൾ നടപ്പാക്കും.
ഡോ.എൽ. അനിതകുമാരി, ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |