പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തിന് തലവേദനയായി മാറിയ കൗമാരക്കാരുടെ കൂട്ടത്തല്ലിന് വിരാമമിടാൻ പാെലീസ് രംഗത്തിറങ്ങി. നഗരസഭാ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ പാെലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. രണ്ടു വനിതാ പൊലീസുകാരെയാണ് ഇന്നലെ ഡ്യൂട്ടിക്കായി നിയോഗിച്ചത്. രാവിലെ മുതൽ വൈകുന്നേരം വരെ ഇവരുടെ സേവനം ലഭ്യമാകും. സ്റ്റാൻഡിൽ എത്തുന്ന കുട്ടികളെ നിരീക്ഷിക്കാൻ പൊലീസിന്റെ സേവനം കർശനമാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. പൊലീസ് ശ്രദ്ധിക്കാൻ തുടങ്ങിയതോടെ സ്റ്റാൻഡിലെ പതിവ് പ്രശ്നക്കാർ ഇന്നലെ തലപൊക്കിയില്ല. പരാതികൾ ഒന്നും ഇല്ലാതെയാണ് ഇന്നലത്തെ ദിവസം കടന്നുപോയത്. അതേസമയം സ്റ്റാൻഡിൽ എത്തുന്ന ചില വിദ്യാർത്ഥികൾ പൊലീസിനോട് നിസഹകരണം തുടരുന്നുമുണ്ട്. പൊലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയും തറുതല പറഞ്ഞും ഇത്തരക്കാർ പ്രകോപനം സൃഷ്ടിക്കുന്നു. കുട്ടികൾ ബസുകളിൽ കയറി പോകാതെ സ്റ്റാൻഡിൽ അധിക സമയം ചെലവിടുമ്പോൾ ആണ് പൊലീസ് ഇടപെടൽ നടത്താറുള്ളത്. കെ.എസ്.ആർ.ടി.സി ബസുകൾ മുമ്പ് സർവീസ് നടത്തിയിരുന്ന ഒഴിഞ്ഞ യാർഡിന്റെ ഭാഗത്താണ് ഇപ്പോൾ സംഘർഷം പതിവാകുന്നത്. പത്താം ക്ളാസിലും പ്ലസ് ടുവിനും പഠിക്കുന്ന വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് സംഘടിക്കുന്നത് ആക്രമണത്തിൽ കലാശിക്കുന്ന പതിവാണുള്ളത്.
"വിദ്യാർത്ഥികളോട് എന്തെങ്കിലും ചോദിച്ചാൽ തന്നെ ദേഷ്യത്തോടെയാണ് മറുപടി. എന്ത് ചോദിച്ചാലും സദാചാരമാണോ..., ഇത് പൊതുയിടമാണ്, ഞങ്ങൾക്ക് ഇഷ്ടമുള്ളപോലെ ഇരിക്കും നിൽക്കും എന്നൊക്കെ പറഞ്ഞ് തട്ടിക്കയറുകയാണ് വിദ്യാർത്ഥികൾ. ഇതിൽ ആൺ, പെൺ ഭേദമൊന്നുമില്ല. ഇവർക്ക് കൃത്യമായ ബോധവൽക്കരണം സ്കൂളിൽ നടത്തണം. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും മാത്രമേ ഇവരെ പറഞ്ഞ് മനസിലാക്കാൻ കഴിയു.
എയ്ഡ് പോസ്റ്റിലെ പൊലീസുകാർ
"സംഘർഷം നടന്ന് കഴിഞ്ഞല്ല. എല്ലായ്പ്പോഴും പൊലീസിന്റെ നിരീക്ഷണം ബസ് സ്റ്റാൻഡിലും പരിസരത്തും ഉണ്ടാകണം. എയ്ഡ് പോസ്റ്റിൽ എപ്പോഴും പൊലീസ് ഉണ്ടാകണം. സ്റ്റാൻഡിലെ സെക്യുരിറ്റിയ്ക്ക് മാത്രം ഒന്നും ചെയ്യാൻ കഴിയില്ല. പൊലീസില്ലാ എന്നറിയുമ്പോൾ ആണ് വിദ്യാർത്ഥികൾ കൂടുതൽ ആക്രമ സ്വഭാവം കാണിക്കുന്നത്. കൃത്യമായി പരിശോധന നടത്തണം.
അഡ്വ.ടി.സക്കീർ ഹുസൈൻ,
നഗരസഭ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |