നെടുമങ്ങാട്: മലയോരപട്ടണമായ നെടുമങ്ങാടിനെ വലച്ച് ഗതാഗതക്കുരുക്ക്. വർഷങ്ങളായി നെടുമങ്ങാട് പട്ടണത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ദിനംപ്രതി വാഹനങ്ങളുടെ ബാഹുല്യം നെടുമങ്ങാട് പട്ടണത്തെ സാധാരണക്കാരെ അടക്കം ബുദ്ധിമുട്ടിക്കുകയാണ്. നിലവിലുള്ള റോഡുകളിൽത്തന്നെ അനധികൃത കൈയേറ്റവും വഴിയോരക്കച്ചവടവും യാത്രക്കാരെ തെല്ലെന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇടുങ്ങിയ റോഡുള്ള നെടുമങ്ങാട് ടൗൺ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷ നേടുന്നതിന്റെ മുന്നോടിയായി പാർക്കിംഗ് ബോർഡുകൾ പലതും സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തിയുള്ള പാർക്കിംഗാണ് നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും ഇപ്പോൾ നടന്നുവരുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നഗരസഭ പാർക്കിംഗ് ഏരിയാ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ടൗണിൽ നിന്ന് വളരെ മാറിയുള്ള സ്ഥലമായതിനാലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാലും ആരുംതന്നെ അവിടേക്ക് തിരിഞ്ഞു നോക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൊണ്ടു പോവുകയോ ചെയ്യാറില്ല. ഒച്ചിഴയും വേഗത്തിലാണ് നെടുമങ്ങാട് വഴിയുള്ള യാത്ര.
സിഗ്നൽബോർഡുകൾ നോക്കുകുത്തി
വൺവേ സിഗ്നൽ ബോർഡുകൾ പലപ്പോഴും നോക്കുകുത്തികൾ ആകേണ്ട അവസ്ഥയിലാണ്. വൺവേ സിഗ്നൽ ബോർഡുകൾ വച്ചിട്ടുണ്ടെങ്കിലും ആരുംതന്നെ ഇത് മുഖവിലയ്ക്കെടുക്കാറില്ല. നോ പാർക്കിംഗ് ബോർഡുകൾ വെറും പ്രഹസനമായി മാറുകയാണ്. അപകടങ്ങൾ പലതും നടന്നിട്ടും അധികാരികൾ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. അനധികൃതമായ പാർക്കിംഗ് നിയന്ത്രിക്കാൻ ആളില്ലാതായതോടെ കാൽനടയാത്രക്കാരും ഏറെ ദുരിതത്തിലാണ്. ഫുട്പാത്തിലെ കച്ചവടവും റോഡിന്റെ അരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കാരണം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയിലാണ്.
അഴിയാക്കുരുക്കായി ആശുപത്രി റോഡ്
അഴിക്കാൻ ശ്രമിക്കുന്തോറും മുറുകുന്ന കുരുക്കാണ് നിത്യേന നെടുമങ്ങാട് ജില്ലാ ആശുപത്രി റോഡിൽ കാണുന്നത്. ദിവസേന ആയിരങ്ങൾ വന്നുപോകുന്ന പ്രധാന രണ്ട് കേന്ദ്രങ്ങളായ ജില്ലാ ആശുപത്രിയും അന്താരാഷ്ട്ര മാർക്കറ്റും ഈ റോഡിന്റെ ഇരുവശങ്ങളിലുമായാണുളളത്. ഇവിടേക്കെത്തുന്ന യാത്രക്കാരെ ഈ ഗതാഗതക്കുരുക്ക് വല്ലാതെ വലയ്ക്കുകയാണ്. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായെത്തുന്ന ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെടുന്നതും പതിവ് കാഴ്ചയാണ്. ഈ പാതയുടെ ഇരുവശത്തുമുള്ള കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ റോഡിനിരുവശവും പാർക്ക് ചെയ്തിരിക്കുന്നതും ഇവിടത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്.
റോഡിന്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ ബസ്സുകൾ റോഡിന്റെ നടുവിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. വർഷാവർഷം ലക്ഷങ്ങളാണ് പൊതുമരാമത്ത് വകുപ്പും നഗരസഭയും റോഡുകളുടെ വികസനത്തിനായി ചെലവഴിക്കുന്നത്. എന്നാൽ നെടുമങ്ങാട് പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. റോഡുകൾക്ക് സമീപമുള്ള ഓടകൾ കോൺക്രീറ്റ് ചെയ്ത് റോഡിന് തുല്യമായി പൊക്കം വരുത്തിയാൽ നിലവിലുള്ള റോഡുകളെത്തന്നെ ഗതാഗത തടസ്സത്തിൽ നിന്ന് ഒരുപരിധിവരെ രക്ഷിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |