കൊല്ലം: സ്‌കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്‌ത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച ബൈക്ക് യാത്രികർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഇന്നലെ രാവിലെ 9ഓടെ കൊല്ലം ചെമ്മാംമുക്കിലായിരുന്നു സംഭവം.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ജി.ദിനൂപ്, ഡ്രൈവർ പോൾസൺ എന്നിവരാണ് ആക്രമണത്തിനിരയായത്. ബൈക്ക് ഓടിച്ചിരുന്ന പുന്തലത്താഴം ചരുവിള വീട്ടിൽ സുൾഫിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ യുവാക്കൾഫാത്തിമാ കോളേജ് പരിസരം, കർബല എന്നിവിടങ്ങളിൽ
അഭ്യാസം നടത്തുന്നുണ്ടെന്നറിഞ്ഞ് ചെമ്മാംമുക്കിലെത്തിയതായിരുന്നു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ. സുൾഫിയും സുഹൃത്തും ബൈക്കിൽ മറ്റൊരു ഇരുചക്ര വാഹനവുമായി മത്സരിച്ച് അമിതവേഗതയിൽ വരുന്നതിനെടെ സഞ്ചരിച്ചിരുന്ന ബൈക്ക് സ്‌കൂട്ടറിൽ വരികയായിരുന്ന അമ്മയേയും മകനെയും ഇടിച്ചുവീഴ്‌ത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറാകാതെ സുൾഫിയും സുഹൃത്തും ബൈക്കുമായി രക്ഷപെടാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ ഇരുവരും ചേർന്ന് ദിനൂപിനെയും പോൾസണെയും ആക്രമിച്ചത്. പ്രതികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ സുൾഫിയുടെ ബൈക്ക് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ യുവതിയും മകനും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |