കൊല്ലം: അവിഹിത ബന്ധംചോദ്യം ചെയ്യ്തതിലുള്ള വിരോധത്തിൽ ഭാര്യാ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച സൈനികൻ പിടിയിൽ. ചാത്തന്നൂർ, താഴം തെക്ക്, തെക്കേവിള വീട്ടിൽ വിപിനാണ് (30) ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. വിപിന്റെ അവിഹിത ബന്ധം ഭാര്യ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഇത് സഹോദരനായ ബിനുചോദ്യം ചെയ്യതതിന്റെ വിരോധത്താലാണ് കഴിഞ്ഞ ദിവസം വിപിൻ ഭാര്യാ സഹോദരനായ ബിനുവിനെ കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം ഉത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ബിനുവിനെ സൈനികനായ പ്രതി തടഞ്ഞ് നിർത്തി ആക്രമിക്കുകയും കൈയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വയറിലും മുതുകിലും കുത്തി മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഭാര്യയെ ഉപദ്രവിച്ചതിന് പ്രതിക്കെതിരെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽകേസ് നിലനിൽക്കെയാണ് അക്രമം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ ബിനുവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |