കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം നാളെ മുതൽ പി.എം.എസ്.എസ്.വെെ കെട്ടിടത്തിലേക്ക്.
ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ട്മെന്റ് /കാഷ്യാലിറ്റി സേവനങ്ങൾ അഞ്ച് ഓപ്പറേഷൻ തിയേറ്ററുകൾ, അനുബന്ധ ഐ.സി.യു എന്നിവ സഹിതമാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. ആശുപത്രിയിലെ മുഴുവൻ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റികളും പുതിയ കെട്ടിടത്തിൽ നാളെ പ്രവർത്തനമാരംഭിക്കും.
റോഡപകടം സംഭവിച്ചോ മറ്റ് അത്യാഹിതങ്ങളിൽപെട്ടോ അടിയന്തര ചികിത്സ ആവശ്യമായി വരുന്നവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വാഹനങ്ങൾ മുമ്പ് കാഷ്വാലിറ്റി പ്രവർത്തിച്ചിരുന്ന ഭാഗത്തേക്ക് പ്രവേശിക്കാതെ മെഡിക്കൽ കോളേജ് പ്രധാന കവാടത്തിന് മുൻവശത്ത് കൂടെ നേരെ കാരന്തൂർ റോഡ് വഴി ഐ.എം.സി.എച്ച്. ഔട്ട് പേഷ്യന്റ് വിഭാഗം ഗേറ്റിന് മുന്നിലൂടെ സഞ്ചരിച്ചാൽ ഇടത് ഭാഗത്തായി
കാണുന്ന പി.എം.എസ്.എസ്.വെെ കവാടത്തിലൂടെ എമർജൻസി കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
പെട്ടന്നുള്ള മാറ്റം രോഗികൾ പ്രതീക്ഷിക്കാത്തതിനാൽ ശനിയാഴ്ചയിലും നേരത്തെയുള്ള അത്യാഹിത വിഭാഗത്തിൽ ചികിത്സ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ചയോടെ പൂർണമായും അത്യാഹിത വിഭാഗം പി.എം.എസ്.എസ്.വെെ ബ്ലോക്കിലേക്ക് മാറും.
ഏഴുനില കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെ മെഡിക്കൽ കോളേജിൽ പണിത അത്യാഹിത വിഭാഗം ഈ മാസം 24 നാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതി (പി.എം.എസ്.എസ്.വൈ) പ്രകാരം കേന്ദ്രസംസ്ഥാന സർക്കാരുകളുടെ 195 കോടി ചെലവിട്ടാണ് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ അത്യാഹിത വിഭാഗം കോംപ്ലക്സ് നിർമ്മിച്ചത്. അത്യാഹിത വിഭാഗം, സർജിക്കൽ സൂപ്പർ സ്‌പെഷാലിറ്റികളായ ന്യൂറോ സർജറി, കാർഡിയാക് സർജറി, സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, യൂറോളജി, അനസ്‌തേഷ്യ, പ്ലാസ്റ്റിക് സർജറി എന്നിവയാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
430 കട്ടിലുകളാണ് അ ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. എം.ആർ.ഐ/ സി.ടി സ്‌കാൻ, അൾട്രാസൗണ്ട് എക്സറേ, ഫാർമസി, ബ്ളഡ് സ്റ്റോറേജ്, ഇ.സി.ജി /പ്ലാസ്റ്റർ റൂം, ഐ.സി.യു, പുരുഷൻമാരുടെയും സ്ത്രീകളുടെയും ഒബ്സർവേഷൻ വാർഡുകൾ, ട്രയാജ്, പ്ലാസ്റ്റർ തുടങ്ങിയ സൗകര്യങ്ങൾ താഴെ നിലയിൽ ഒരുക്കിയിട്ടുണ്ട്. എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് , അഞ്ച് ഓപ്പറേഷൻ തിയറ്ററുകൾ , ഡിസീസ്ഡ് ഡോണർ ട്രാൻസ്പ്ളാന്റ് ഐ.സി.യു എന്നിവായാണ് ഒന്നാം നിലയിൽ. രണ്ടും മൂന്നും നിലകളിൽ സർജിക്കൽ ഗ്യാസ്‌ട്രോ, സി.വി.ടി.എസ് , യൂറോളജി , പ്ലാസ്റ്റിക് സർജറി വാർഡുകളാണ്.
നാലാം നിലയിൽ ഹെഡ് ഇൻജുറി ഐ.സി,യു, യൂറോളജി ട്രാൻസ് പ്ളാന്റ് ഐ.സി.യു, ന്യൂറോ സർജറി ഐ.സി.യു എന്നിങ്ങനെ മൂന്ന് ഐ.സിയുകളും ന്യൂറോ സർജറി വാർഡുകളും അഞ്ചാം നിലയിൽ സർജിക്കൽ ഗ്യാസ്ട്രാ ഐ.സി.യു, പ്ലാസ്റ്റിക് സർജറി ഐ.സി.യു, ന്യൂറോ സർജറി ഐ.സി.യു, യൂറോളജി ഐ.സി.യു, സി.വി.ടി.എസ് ഐ.സി.യു 2 എന്നിങ്ങനെ 5 ഐ.സി.യുകളും ആറാം നിലയിൽ 14 ഓപ്പറേഷൻ തിയറ്ററുകളും, രണ്ട് ഐ.സി.യുകളുമാണുള്ളത്.
@വാഹനങ്ങൾ ഇതു വഴി
ആശുപത്രിയിലേക്ക് എത്തുന്ന വാഹനങ്ങൾ മുൻപ് കാഷ്വാലിറ്റി പ്രവർത്തിച്ചിരുന്ന ഭാഗത്തേക്ക് പ്രവേശിക്കാതെ മെഡിക്കൽ കോളേജ് പ്രധാന കവാടത്തിന് മുൻവശത്ത് കൂടെ നേരെ കാരന്തൂർ റോഡ് വഴി ഐ.എം.സി.എച്ച്.
ഔട്ട് പേഷ്യന്റ് വിഭാഗം ഗേറ്റിന് മുന്നിലൂടെ സഞ്ചരിച്ചാൽ ഇടത് ഭാഗത്തായി
കാണുന്ന പി.എം.എസ്.എസ്.വെെ കവാടത്തിലൂടെ എമർജൻസി കാഷ്വാലിറ്റി യിലേക്ക് പ്രവേശിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |