@ഇന്ന് ലോക ക്ഷയ രോഗ ദിനം
കോഴിക്കോട്: ക്ഷയരോഗത്തെ പിടിച്ചുകെട്ടാൻ ആരോഗ്യവകുപ്പ് കിണഞ്ഞു പരിശ്രമിക്കുമ്പോഴും ജില്ലയിൽ
ക്ഷയരോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതായി കണക്കുകൾ. ഒരു വർഷം ഇരൂന്നൂറോളം പേർക്കാണ് പുതുതായി രോഗലക്ഷണങ്ങൾ കണ്ടത്. 2021ൽ പരിശേധാനയിൽ 2340 പേർക്കാണ് ക്ഷയരോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നതെങ്കിൽ 2022 ൽ 2504 ആയി ഉയർന്നതായി ജില്ലാ ടിബി ഓഫീസർ അറിയിച്ചു. 32,274 പേരെ ടെസ്റ്റിനു വിധേയമാക്കിയപ്പോഴാണ് ഇത്രയും പേർക്ക് രോഗലക്ഷണം കണ്ടെത്തിയത്. ഇതിൽ 7.6 ശതമാനവും കുട്ടികളാണ്. കഴിഞ്ഞവർഷം ജനുവരിയിൽ 1900 പേരെ പരിശോധിച്ചപ്പോൾ 63 പുതിയ കേസുകളും നവംബറിൽ 4300 പേരെ പരിശോധിച്ചപ്പോൾ 233 പുതിയ കേസുകളും കണ്ടെത്തി. പ്രമേഹരോഗികളുടെ എണ്ണം വർദ്ധിക്കുന്നതും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യവുമാണ് ക്ഷയരോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പരമാവധി ക്ഷയരോഗികളെ കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുകയും അവരുമായി സമ്പർക്കമുള്ളവരെ പ്രതിരോധ ചികിത്സയ്ക്ക വിധേയമാക്കുകയും ചെയ്യുക വഴി ജില്ലയിൽ രോഗത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. അതെ, നമുക്ക് ക്ഷയരോഗത്തെ അതീജിവിക്കാം എന്നതാണ് ഈ വർഷത്തെ ക്ഷയരോഗ ദിന സന്ദേശം. 2021ലെ കണക്കു പ്രകാരം ലോകത്ത് 10.6 മില്യൺ ആളുകൾ ക്ഷയരോഗ ബാധിതരാണ്. 2020നെ അപേക്ഷിച്ച് നാലര ശതമാനത്തിന്റെ വർധന.
'അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ച് നീക്കാം'
ക്ഷയ രോഗ ദിനാചരണത്തിൽ വിവിധ പരിപാടികളുമായി ടിബി ജില്ലാ കേന്ദ്രം
ആരോഗ്യ വകുപ്പും ജില്ലാ ടിബി കേന്ദ്രവും സംയുക്തമായി എസ്.കെ പൊറ്റക്കാട് സാസംകാരിക നിലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. മേയർ ഡോ.ബീന ഫിലിപ്പ് ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എ.ഗീത ഐ.എ.എസ് മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ദിനേശ്കുമാർ എ.പി അദ്ധ്യക്ഷത വഹിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ നവീൻ ക്ഷയരോഗ ദിന പ്രതിജ്ഞക്ക് നേതൃത്വം നല്കും. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ് ജയശ്രീ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാടിബി കേന്ദ്രത്തിന് നല്കുന്ന ടിബി ഹൈജീൻ കിറ്റ് ചെയർമാൻ സത്യനാഥൻ മാടഞ്ചേരി ജില്ലാ ടിബി ഓഫീസർ ഡോ.ടി.സി അനുരാധക്ക് കൈമാറും. മജീഷ്യൻ രാജീവ് മേമുണ്ട് അവതരിപ്പിക്കുന്ന ടിബി ബോധവത്കരണ മാജിക് ഷോയും റെഡ് ക്രോസ് സൊസൈറ്റി നിർമിച്ച ടിബി ബോധവത്കരണ വീഡിയോയുടെ പ്രകാശനവും നടക്കും.
ക്ഷയരോഗദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് നടക്കുന്നത്. ജില്ലയിലെ ആറ് ടിബി യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്ഷയരോഗബോധവത്കരണവും പരിശോധനയും നടക്കുന്നുണ്ട്.
ഐ എം എ, ചെസ്റ്റ് കോഴിക്കോട് എന്നിവയുമായി സഹകരിച്ച് ആരോഗ്യ വിദഗ്ദർക്ക് വേണ്ടി 24 ന്
വൈകിട്ട് 7 മണിക്ക് സി.എം ഇ നടക്കും. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി
സഹകരിച്ച് ശിശുരോഗ വിദദ്ഗർക്ക് വേണ്ടി നടത്തുന്ന 'കുട്ടികളിലെ ക്ഷയരോഗം' എന്ന
സെമിനാർ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ വെച്ച് 25 നു നടക്കും. ഇന്നലെ വെെകീട്ട് പാളയത്ത് നിന്നും വൈ
ക്കം മുഹമ്മദ് ബഷീർ റോഡ് വരെ നടത്തിയ ബോധവത്കരണ ജാഥയിൽ നിരവധി പേർ പങ്കെടുത്തു.വാർത്താസമ്മേളനത്തിൽ ജില്ലാ ടിബി ഓഫീസർ ഡോ.ടി.സി അനുരാധ, ഡോ.ജലജമണി സി.എ, കെ.മുഹമ്മദ് മുസ്തഫ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |