ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യത സഭാതലത്തെ കൂടുതൽ പ്രക്ഷുബ്‌ധമാക്കാനിടയുള്ളതിനാൽ പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി പെട്ടെന്ന് പിരിഞ്ഞേക്കും. ഇന്നലെ ലോക്‌സഭ കേന്ദ്ര ബഡ്‌ജറ്റും ധനാഭ്യർത്ഥനകളും ചർച്ച കൂടാതെ പാസാക്കി ഗില്ലറ്റിൻ ചെയ്‌തു. ധനകാര്യ ബിൽ ഇന്ന് പാസാക്കും. ഇന്നലെയും ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തിൽ ഇരുസഭകളിലും നടപടികൾ തടസപ്പെട്ടു.
ഇന്നലെയും ഇരുസഭകളും ബഹളത്തെ തുടർന്ന് രണ്ടുമണി വരെ നിറുത്തിവച്ചു. ലോക്‌സഭ രണ്ടുമണിക്ക് ചേർന്നപ്പോൾ റിപ്പോർട്ടുകളും മറ്റും മേശപ്പുറത്ത് വച്ച ശേഷം ആറുമണിവരെ പിരിയുകയാണെന്ന് സ്‌പീക്കർ ഓം ബിർള അറിയിച്ചു. തുടർന്ന് കേരള നിയമസഭയിൽ കഴിഞ്ഞ ദിവസമുണ്ടായതിന് സമാനമായ സംഭവങ്ങളാണ് അരങ്ങേറിയത്.
6 മണിക്ക് നടപടികൾ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ, പ്രതിപക്ഷ പ്രതിഷേധം വകവയ്‌ക്കാതെ 45ലക്ഷം കോടി രൂപയ്‌ക്കുള്ള ധനാഭ്യർത്ഥനകളും ധനവിനിയോഗ ബില്ലും ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുകയും ചർച്ചയില്ലാതെ പാസാക്കുകയുമായിരുന്നു. ബഡ്‌ജറ്റിന്റെ ഭാഗമായ നികുതി നിർദ്ദേശങ്ങൾ അടങ്ങിയ ധനകാര്യ ബിൽ മാത്രമാണ് ഇനി ബാക്കിയുള്ളത്. മറ്റ് ബില്ലുകളെല്ലാം 12മിനിട്ടുകൊണ്ട് പാസാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിമാരും ബി.ജെ.പി എംപിമാരും സഭയിലുണ്ടായിരുന്നു. ഇന്ന് രാജ്യസഭയിലും ബഡ്‌ജറ്റ് ചർച്ചയില്ലാതെ പാസാക്കും. ധനബില്ലിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ രാജ്യസഭയ്‌ക്ക് കഴിയില്ല. പാസാക്കി ലോക്‌സഭയിലേക്ക് തിരിച്ചയയ്‌ക്കും. അതിനിടെ
പ്രതിപക്ഷത്തെ സമവായത്തിലെടുക്കാൻ ഇന്നലെ രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ വിളിച്ച യോഗം അലസിപ്പിരിഞ്ഞിരുന്നു.
മുൻനിശ്ചയിച്ച പ്രകാരം ഏപ്രിൽ ആറുവരെയാണ് ബഡ്‌ജറ്റ് സമ്മേളനം പൂർത്തിയാകേണ്ടത്. എന്നാൽ സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയ മാർച്ച് 13മുതൽ റിപ്പോർട്ടുകൾ വയ്‌ക്കുന്നതല്ലാതെ ചർച്ചകളോ, ചോദ്യോത്തര വേളയോ ഇരു സഭകളിലും നടന്നിട്ടില്ല. ഫെബ്രുവരിയിൽ നടന്ന ആദ്യഘട്ട സമ്മേളനത്തിലേതു പോലെ അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗമുപയോഗിച്ച് ഭരണ പക്ഷം നേരിട്ടതോടെ രണ്ടാം ഘട്ടം കലുഷിതമായി. എല്ലാ ദിവസവും സഭ സമ്മേളിക്കുന്നതു മുതൽ ഇരുപക്ഷവും തങ്ങളുടെ വാദമുഖങ്ങൾ നിരത്തി മുദ്രാവാക്യം വിളിച്ച് നടപടികൾ അലങ്കോലമാക്കുന്നതാണ് കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |