തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ് പ്രായോഗികതയേക്കാൾ പ്രശസ്തിക്കായുള്ളതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു. പ്രായോഗികത നോക്കാതെ പ്രശസ്തിയുടെ പിന്നാലെ പായുന്നതാണ് പല പദ്ധതികളും പരാജയപ്പെടാൻ കാരണം. പദ്ധതിക്ക് ചെലവിടുന്ന തുകയ്ക്കുള്ള പ്രയോജനം പൂർണ്ണമായും ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ലായെന്നത് പദ്ധതികളുടെ ന്യൂനതയാണ്. വൻ തുക നീക്കിവെച്ചിട്ടുള്ള വെണ്ണൂർത്തുറ, ചേറ്റുവപുഴ ചെളി നീക്കൽ, ചേറ്റുവ കോട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ, ചേലക്കരയിലെ ശീതീകരണ സംഭരണശാല ഇതൊക്കെ പ്രായോഗികതലത്തിൽ വിജയ സാദ്ധ്യതയില്ലാത്തതാണ്. അതുകൊണ്ടാണ് ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് പദ്ധതി നിർവഹണത്തിൽ പതിമൂന്നാം സ്ഥാനത്തെത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഓരോ ഡിവിഷനിലേക്കും തുക നൽകാതെ കടലിൽ കായം കലക്കുന്ന പദ്ധതികൾക്ക് വലിയതുക നീക്കിവെക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നുണ്ടോയെന്നും പ്രയോജനം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടോയെന്നും അറിയാനുള്ള സംവിധാനം ദുർബലമാണെന്നുള്ളത് പരാജയമാണ്. ഡയാലിസിസ്, കരൾ രോഗികൾക്കായി പദ്ധതി ഇല്ലെന്നും പുതിയ പദ്ധതികൾ ഇല്ലാത്തത് മേന്മ ഇല്ലാതാക്കിയെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ജിമ്മി ചൂണ്ടൽ പറഞ്ഞു.
സ്വാഭാവിക വനവത്കരണം ലക്ഷ്യം
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ സ്വാഭാവിക വനവത്കരണത്തിലൂടെ ആവാസവ്യവസ്ഥയിൽ ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കാൻ വന്യമിത്ര പദ്ധതി. 1.5 കോടി രൂപ ഇതിനായി നീക്കിവച്ചു. ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നവീകരിക്കാനുള്ള പദ്ധതികളുമുണ്ട്. ചേറ്റുവക്കോട്ട സൗന്ദര്യവത്കരിക്കും. കോട്ടയോട് ചേർന്നുള്ള ഭൂമിയിൽ വിനോദസഞ്ചാരികൾക്കായി കഫ്റ്റീരിയ, കുട്ടികളുടെ കളിസ്ഥലം, പാർക്ക്, വാഷ് റൂം, കാർ പാർക്കിംഗ് എന്നീ സൗകര്യങ്ങൾ ഒരുക്കും. ഈ പദ്ധതികൾക്കായി 1.25 കോടി നീക്കി വെച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ
വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്ക്: 75 ലക്ഷം
ഡയാലിസിസ് സെന്റർ തുടർപ്രവർത്തനങ്ങൾക്ക്: 30 ലക്ഷം
ആരോഗ്യ മേഖലയിലെ വിവിധ പരിപാടികൾ, മരുന്നുകൾ എന്നിവയ്ക്ക്: 50 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |