തൃശൂർ: ക്ഷീരമേഖലയ്ക്കും തൊഴിൽ സംരംഭങ്ങൾക്കും സ്വന്തം ബ്രാൻഡ് ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ്. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ആരംഭിക്കുന്ന തൊഴിൽ സംരംഭങ്ങൾ 'സംരംഭ' എന്ന ബ്രാൻഡിന് കീഴിലാക്കും. മുൻ വർഷങ്ങളിൽ വിജയകരമായി നടപ്പാക്കിയ ക്ഷീരകർഷകർക്ക് സമാശ്വാസമേകുന്ന പാലിന് സബ്‌സിഡി പദ്ധതിക്ക് 1.7 5 കോടിയും കാലിത്തീറ്റ സബ്‌സിഡി പദ്ധതിക്ക് 50 ലക്ഷവും ബഡ്ജറ്റിൽ വകയിരുത്തി.
മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് മുന്തിയ ഇനം പശുക്കളുടെ ഫാം ആരംഭിച്ച് പാൽ, പാലുൽപ്പന്നങ്ങൾ, മറ്റ് മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവ ഫാമുകളിലെ കൗണ്ടറുകളിലൂടെ ജില്ലാ പഞ്ചായത്തിന്റെ തനത് ബ്രാൻഡായി വിപണനം ചെയ്യുന്നതിന് 10 ലക്ഷമാണ് വകയിരുത്തിയത്. ഇത്തരത്തിൽ കാർഷിക, മൃഗസംരക്ഷണ അനുബന്ധ മേഖലകൾക്കായി 10 കോടിയും ആരോഗ്യസേവന മേഖലകൾക്കായി 35 കോടിയും പശ്ചാത്തല മേഖലയുടെ വികസനത്തിനായി 40 കോടിയും നീക്കിവച്ചു. ഗ്രാമീണ മേഖലയുടെ വികസനത്തോടൊപ്പം വിഭവസമാഹരണത്തിനും ഊന്നൽ നൽകി. ഭരണച്ചെലവ് പരമാവധി ലഘൂകരിച്ച് കൂടുതൽ തുക വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ജില്ലാപഞ്ചായത്തിന് ആസ്തി സൃഷ്ടിക്കാനും ഊന്നൽ നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ലത ചന്ദ്രനാണ് അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എസ് ജയ, ദീപ എസ്.നായർ, എ.വി വല്ലഭൻ, പി.എം അഹമ്മദ്, അംഗങ്ങളായ ജോസഫ് ടാജറ്റ്, വി.എൻ സുർജിത്ത്, കെ.വി സജു, ലീല സുബ്രഹ്മണ്യൻ, വി.എസ് പ്രിൻസ്, ജെനീഷ് പി.ജോസ്, ജിമ്മി ചൂണ്ടൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, സെക്രട്ടറി പി.എസ് ഷിബു എന്നിവർ പങ്കെടുത്തു.
കുടിവെള്ളം മുതൽ പോഷകാഹാര വിതരണം വരെ
കുടിവെള്ള വിതരണത്തിന് : 3 കോടി
കാൻസർ മുക്ത തൃശൂർ പദ്ധതിക്ക് (ക്യാൻ തൃശൂർ): 1.5 കോടി
മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പരിപാടികൾക്ക്: 2.5 കോടി
വിജ്ഞാന സാഗർ പാർക്കിൽ 12 ഡി തിയേറ്ററിന്: 50 ലക്ഷം
സ്തീകളുടെ മാനസികവുംജീവിതശൈലി രോഗ പ്രതിരോധത്തിനുമായി 32 വനിത ഫിറ്റ്‌നെസ് സെന്ററിന്: 60 ലക്ഷം
വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന് 10 കോടി
വയോജന ക്ഷേമത്തിന് ഒളരിക്കരയിൽ സുശാന്തം പദ്ധതിക്ക്: 50 ലക്ഷം
ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിന് 1.25 കോടി
28 അംഗൻവാടികൾക്ക്: 3.36 കോടി
പോഷകാഹാര വിതരണത്തിന്: 2 കോടി
വരവ്
134.01 കോടി
ചെലവ്
133.33 കോടി
നീക്കിയിരിപ്പ്
68.40 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |