ആലപ്പുഴ: ദേശീയ ജലപാതയിൽ തോട്ടപ്പള്ളി കൊട്ടാരവളവ് കടത്തിന് സമീപത്തെ നാലുചിറ പാലത്തിന്റെ പ്രധാന സ്ളാബ് ഒഴികെയുള്ള കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. അപ്രോച്ച് റോഡ് നിർമ്മാണത്തിനായി 25 പേരിൽ നിന്ന് 3.5 ഏക്കർ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നിലച്ച ജോലികൾ പുനരാരംഭിച്ചതോടെ പാലമെന്ന പ്രതീക്ഷയ്ക്ക് വീണ്ടും ജീവൻ വയ്ക്കുകയായണ്.
നിർമ്മാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് നഷ്ടപരിഹാര തുകയായ 4.47 കോടി നാലുമാസം മുമ്പ് റവന്യ വകുപ്പിലൂടെ വിതരണം ചെയ്തു. സഞ്ചാരികളെക്കൂടി ആകർഷിക്കുംവിധം പക്ഷിച്ചിറകിന്റെ മാതൃകയിലാണ് പാലം നിർമ്മിക്കുന്നത്. 450 മീറ്റർ നീളമുള്ള പാലത്തിന്റെ മദ്ധ്യഭാഗത്ത് ദേശീയ ജലപാതയുടെ മാനദണ്ഡങ്ങൾ പാലിച്ച് 13 മീറ്റർ വീതിയും 35 മീറ്റർ നീളവുമുള്ള രണ്ട് സ്പാനുകളുണ്ട്. 48 കോടിയാണ് പാലം നിർമ്മാണത്തിന്റെ ആകെ ചെലവ്. സ്ഥലത്തിന് 4.47 കോടി വേറെയും. പാലവും റോഡും പൂർത്തിയാകുന്നതോടെ പുറക്കാട്, തകഴി, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനമാകും.
തോട്ടപ്പള്ളി സ്പിൽവേയിൽ ഗതാഗത തടസം ഉണ്ടായാൽ സമാന്തരപാതയായി പാലം ഉപയോഗിക്കാനാകും. മുൻ മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പാലം നിർമ്മിക്കാൻ തീരുമാനിച്ച് 2019 മാർച്ച് 5ന് നിർമ്മാണോദ്ഘാടനം നടത്തിയത്. 300 മീറ്റർ നീളം നിശ്ചയിച്ച പാലത്തിന് 38 കോടിയിരുന്നു കരാർ തുക. 2020 ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അപ്രോച്ച് റോഡിന്റെ ഭാഗം ചതുപ്പായതിനാൽ ഇവിടെ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് പ്രധാന പാലത്തിന്റെ നീളം 450 മീറ്ററായി എസ്റ്റിമേറ്റ് പുതുക്കി തുക 48 കോടിയാക്കുകയായിരുന്നു.
തുക വീണ്ടും തലവേദന
കേരള റോഡ് ഫണ്ട് ബോർഡ് നിർമ്മാണ ചുമതല ഏറ്റെടുത്തതോടെ ജോലികൾ വേഗത്തിലായി. എന്നാൽ കാലതാമസം ഉണ്ടായതിനെ തുടർന്ന് നിലവിലുള്ള എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ചു തരണമെന്ന് കരാറുകാരൻ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ധാരണ ഉണ്ടായില്ലെങ്കിൽ വീണ്ടും പ്രതിസന്ധിക്ക് വഴിതുറക്കാം.
# പാലം
നീളം: 450 മീറ്റർ
വീതി: 11 മീറ്റർ
നടപ്പാത: ഒന്ന് വീതം
# തൂക്ക് പാലം
നീളം: 70 മീറ്റർ
വീതി: 13
നടപ്പാത: 1.5 മീറ്റർ
ചെലവ്: 48 കോടി
# അപ്രോച്ച് റോഡ്
ആവശ്യമായ സ്ഥലം: 3.5 ഏക്കർ
നഷ്ടപരിഹാര തുക: 4.47 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |