തൃശൂർ: അനധികൃതമായി മാലിന്യം തള്ളിയാൽ ഇനി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിവീഴും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനം പ്രവർത്തനം തുടങ്ങി.
കഴിഞ്ഞ ദിവസം രൂപീകരിച്ച സ്‌ക്വാഡ് ജില്ലയിൽ രണ്ടു മേഖലകളായി തിരിഞ്ഞാണ് പ്രവർത്തനം നടത്തുന്നത്. അനധികൃതമായി മാലിന്യം തള്ളിയ വ്യക്തികളെ പൊലീസ് സഹായത്തോടെ അറസ്റ്റ് ചെയ്യാൻ ഇവർക്ക് അധികാരമുണ്ട്. ഈ സ്‌ക്വാഡ് ഇനി മുതൽ കൃത്യമായ ഇടവേളകളിൽ പരിശോധന, മിന്നൽ പരിശോധന, സ്‌പോട്ട് ഫൈൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നാണ് പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊതുസ്ഥലങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുകയും ഇതുമൂലം വ്യാപകമായ മാലിന്യപ്രശ്‌നം ഉയർന്ന് വരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ശക്തമായ നടപടികൾ സ്വീകരീക്കാൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചത്.
സ്‌ക്വാഡിന്റെ പരിധിയിൽ വരുന്നത്
ശുചിത്വ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾ കണ്ടെത്തൽ, അനധികൃതമായി നിക്ഷേപിച്ച മാലിന്യം പിടിച്ചെടുക്കൽ, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണം, വിൽപ്പന എന്നിവ സ്‌ക്വാഡിന്റെ പരിധിയിൽ വരും.
ടീം അംഗങ്ങൾ
ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ നിശ്ചയിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥൻ, പോലീസ് ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡിലെ സാങ്കേതിക വിദഗ്ദ്ധർ എന്നിവരടങ്ങിയതാണ് എൻഫോഴ്‌സ്‌മെന്റ് ടീം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |