പുനലൂർ: അമ്പനാട് ടി.ആർ ആൻഡ് ടി തേയിലത്തോട്ടത്തിലെ തൊഴിലാളിയെ കാട്ടാന കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സോപാലിന് ചികിത്സ ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ .എൻ.ടി.യു.സി തുടങ്ങിയ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ മാനേജ്മെന്റുമായി ചർച്ച നടത്തി. എസ്റ്റേറ്റിലെ അരണ്ടൽ ഓഫീസിൽ നടന്ന ചർച്ചയിൽ മാനേജ്മെന്റ് വഴങ്ങാതിരുന്നതിനെ തുടർന്ന് വാക്കറ്റവും ഉണ്ടായി. തുടർന്ന് ചികിത്സാ ധനസഹായമടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി നൽകുന്നതിന് പുറമെ തേയിലെ എസ്റ്റേറ്റിലെ കാടുകൾ ഉടൻ വെട്ടിമാറ്റുമെന്നും മാനേജ്മെന്റ് നേതാക്കൾക്ക് ഉറപ്പ് നൽകി.തെന്മല വാലി എസ്റ്റേറ്റിനുള്ളിലെ കാട്ടാന ശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 27ന് അമ്പനാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ പണിമുടക്കി കൊണ്ട് തെന്മല ഡി.എഫ് ഓഫീസ് മാർച്ചും ഉപരോധ സമരവും നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. തോട്ടങ്ങളിൽ കാട്ടാന ശല്യം വ്യാപകമായിട്ട് രണ്ട് വർഷം പിന്നിടുകയാണ്. വനാതിർത്തിയോട് ചേർന്ന് ജന വാസമേഖലകളിൽ സൗരോർജ്ജ വേലികൾ സ്ഥാപിക്കാത്തത് കാരണമാണ് വന്യമൃഗ ശല്യം വർദ്ധിക്കുന്നത്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് 27ന് തെന്മല ഡി.എഫ് ഓഫീസ് തോട്ടം തൊഴിലാളികൾ ഉപരോധിക്കുന്നത്.സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ സി.അജയപ്രസാദ്, ആർ.പ്രദീപ്, കെ.ശിവൻകുട്ടി, എസ്.നവമണി, അഡ്വ.പി.ബി.അനിൽമോൻ, ഐ.മൺസൂർ, കെ.ജി.ജോയി, തോമസ് മൈക്കിൾ,മനോജ്,പി.രാജു തുടങ്ങിയവരായിരുന്നു മാനേജ്മെന്റുമായി ചർച്ച നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |