കൊല്ലം: ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ക്വാട്ടയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കോർപ്പറേഷനിലെ താത്കാലിക ശുചീകരണ ജീവനക്കാരുടെ നിയമനം ആറ് മാസമായി ഫ്രീസറിൽ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ അഭിമുഖം ഉൾപ്പടെ ആറ് മാസം മുമ്പ് പൂർത്തിയാക്കിയെങ്കിലും തർക്കത്തിൽ തീർപ്പാകാത്തതിനാൽ അന്തിമ പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.
കഴിഞ്ഞ വർഷങ്ങളിൽ വിരമിച്ച ശുചീകരണ ജീവനക്കാരുടെ 39 ഒഴിവുകളിലേക്കാണ് നഗരസഭ അഭിമുഖ പരീക്ഷ നടത്തിയത്. അഭിമുഖം പേരിന് നടത്തുമെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള പട്ടികയിൽ ഓരോ പാർട്ടിക്കാർക്കും താല്പര്യമുള്ള നിശ്ചിത ആളുകൾക്കാണ് നിയമനം നൽകുന്നത്. എതിർപ്പുകൾ ഒഴിവാക്കാൻ ഭരണപക്ഷ പാർട്ടികൾക്ക് പുറമേ പ്രതിപക്ഷ പാർട്ടികൾ ശുപാർശ ചെയ്യുന്ന നിശ്ചിത ആളുകൾക്കും നിയമനം നൽകും. അതിൽ സി.പി.എമ്മിന്റെയും സി.പി.ഐയുടെ ക്വാട്ടയെ ചൊല്ലിയാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. സി.പി.ഐ ആവശ്യപ്പെട്ട എണ്ണം നൽകാൻ സി.പി.എം ഇതുവരെ സന്നദ്ധമായിട്ടില്ല.
ശുചീകരണം പാളുന്നു
ജീവനക്കാരുടെ കുറവ് കാരണം നഗരത്തിലെ ശുചീകരണ പ്രവൃത്തികൾ അവതാളത്തിലാണ്. പരിപാലനത്തിന് ജീവനക്കാരില്ലാത്തതിനാൽ എയ്റോബിക് യൂണിറ്റുകൾക്ക് മുന്നിൽ മാലിന്യം കുന്നുകൂടി ചീഞ്ഞുനാറുകയാണ്. ജനങ്ങൾ എത്തിക്കുന്ന മാലിന്യം വേർതിരിച്ച് സംസ്കരിക്കാൻ എയ്റോബിക് യൂണിറ്റുകളിൽ നേരത്തെ ശുചീകരണ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിച്ചിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി കലണ്ടർ അടക്കം നിശ്ചയിച്ച് നൽകിയ മഴക്കാല പൂർവ്വ ശുചീകരണം ആരംഭിക്കാനും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ്.
സർക്കാരിനും അവഗണന
കൊല്ലം കോർപ്പറേഷന് ആവശ്യമായ ശുചീകരണ ജീവനക്കാരെ സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ല. കൊല്ലത്ത് 198 സ്ഥിരം ശുചീകരണ ജീവനക്കാരേയുള്ളു. നൂറ് താത്ക്കാലികക്കാരെ നിയമിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, കൊല്ലത്തിനൊപ്പം കോർപ്പറേഷനായ തൃശ്ശൂരിൽ 244 സ്ഥിരം തസ്തികകളും 388 താത്ക്കാലികക്കാരുമുണ്ട്. വലിപ്പം കൂടുതലാണെങ്കിലും കൊച്ചിയിൽ 1654 ഉം തിരുവനന്തപുരത്ത് 907 പേരുമുണ്ട്. കോഴിക്കോട് 759 സ്ഥിരം തസ്തികയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |