മംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വീട്ടിൽ വിരുന്നൊരുക്കി മുൻ മുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യെദ്യൂരപ്പ. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയെ മുന്നിൽ നിറുത്തിയത് വലിയ ചർച്ചയായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷായ്ക്ക് പ്രഭാത ഭക്ഷണം യെദ്യൂരപ്പയുടെ വസതിയിലായിരുന്നു. യെദ്യൂരപ്പയും മകൻ വിജയേന്ദ്രയും പൂച്ചെണ്ട് നൽകി ഷായെ സ്വീകരിച്ചു. വിജയേന്ദ്രയ്ക്ക് പൂച്ചെണ്ട് കൈമാറാനുള്ള ഷായുടെ ആവശ്യ പ്രകാരം യെദ്യൂരപ്പ പൂച്ചെണ്ട് മകന് നൽകി, തുടർന്ന് വിജയേന്ദ്ര പൂച്ചെണ്ട് അമിത് ഷായ്ക്ക് സമ്മാനിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ പെൺമക്കൾക്കൊപ്പം വിജയേന്ദ്ര, ഷായ്ക്ക് ഭക്ഷണം വിളമ്പുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
അമിത് ഷാ എത്തിയതിൽ സന്തോഷമുണ്ടെന്ന് വിജയേന്ദ്ര പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ തൂക്കുസഭയ്ക്ക് സാദ്ധ്യതയില്ല. കേന്ദ്രസംസ്ഥാന സർക്കാർ പരിപാടികൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞെന്നും പറഞ്ഞു.
അതേസമയം, അമിത് ഷായുമായി പ്രത്യേക ചർച്ച നടന്നില്ലെന്നും രാഷ്ട്രീയം ഒഴികെയുള്ള കാര്യങ്ങൾ സംസാരിച്ചെന്നും വിജയേന്ദ്ര പറഞ്ഞു. വരുണ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നായിരുന്നു മറുപടി. ശിക്കാരിപുര നിയോജക മണ്ഡലത്തിൽ ഒരു തവണ പര്യടനം നടത്തി. അവിടെ വീണ്ടും പര്യടനം നടത്തുമെന്നും പറഞ്ഞു. യെദ്യൂരപ്പയാണ് നിലവിൽ ശിക്കാരിപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. യെദ്യൂരപ്പയ്ക്ക് കേന്ദ്ര നേതൃത്വത്തിൽ പിടിപാടുണ്ടെന്ന സന്ദേശമായാണ് ഷായുടെ സന്ദർശനം വിലയിരുത്തപ്പെടുന്നത്. യെദ്യൂരപ്പയുടെ മൗനം ബലഹീനതയായി ആരും കാണരുതെന്നും പശ്ചാത്തപിക്കുമെന്നും വിജയേന്ദ്ര തുറന്നടിച്ചിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന ഇൻചാർജ് അരുൺ സിംഗ്, സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എം.പി എന്നിവരും യെദ്യൂരപ്പയുടെ വസതിയിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |