കോട്ടയം . അനധികൃതമായി മാലിന്യം തള്ളിയാൽ ഇനി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിവീഴും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനം ജില്ലയിൽ പ്രവർത്തനം തുടങ്ങി.
നിലവിൽ ഒരു സ്ക്വാഡാണ് പരിശോധന നടത്തുന്നത്. എൽ എസ് ജി ഡി ജൂനിയർ സൂപ്രണ്ട്, ജില്ലാ ശുചിത്വമിഷൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ, ജോയിന്റ് ഡയറക്ടർ നിർദേശിക്കുന്ന ഉദ്യോഗസ്ഥൻ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ തുടങ്ങിയവരുൾപ്പെടുന്നതാണ് സ്ക്വാഡ്. സ്ക്വാഡ് പരിശോധന നടത്തുന്ന തദ്ദേശസ്ഥാപന പരിധിക്കുള്ളിലെ സെക്രട്ടറിയും പൊലീസ് ഉദ്യോഗസ്ഥനും ഒപ്പമുണ്ടാകും. കഴിഞ്ഞ ദിവസം പാമ്പാടി, വിജയപുരം, മണർകാട് എന്നിവിടങ്ങളിൽ പരിശോധന നടത്തി. കെ കെ റോഡിന്റെ ഇരുവശത്തും കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യാനും മാലിന്യനിക്ഷേപം തടയാൻ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി.
അറസ്റ്റ് ചെയ്യാൻ അധികാരം
അനധികൃതമായി മാലിന്യം തള്ളുന്നവരെ പൊലീസ് സഹായത്തോടെ അറസ്റ്റ് ചെയ്യാൻ ഇവർക്ക് അധികാരമുണ്ട്. ഈ സ്‌ക്വാഡ് ഇനി മുതൽ കൃത്യമായ ഇടവേളകളിൽ പരിശോധന, മിന്നൽ പരിശോധന, സ്‌പോട്ട് ഫൈൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പന തടയാനായി കടകളിലും മിന്നൽപരിശോധന നടത്തും.
ശുചിത്വ മിഷൻ കോ - ഓർഡിനേറ്റർ ജയകൃഷ്ണൻ പറയുന്നു.
ശുചിത്വ മാലിന്യസംസ്കരണ നിയമലംഘനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സ്ക്വാഡ് പ്രവർത്തിക്കുന്നത്. പൊതുസ്ഥലത്ത് മാലിന്യം തള്ളുക, മാലിന്യം കൂട്ടിയിട്ടു കത്തിക്കുക തുടങ്ങിയവ ഗുരുതരമായ കുറ്റമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |