കോട്ടയം . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ഏപ്രിൽ 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മെഡിക്കൽ കോളജ് ആശുപ്രതി വികസനസമിതിയുടെ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് 1000 താക്കോൽദ്വാര ശസ്ത്രക്രിയ (ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ) വിജയകരമായി പൂർത്തീകരിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിലെത്തുന്നവർക്ക് ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കുന്നതിന് അടിപ്പാത നിർമിക്കും. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അർപ്പണമനോഭാവത്തോടെയുള്ള സേവനങ്ങളാണ് ദക്ഷിണേന്ത്യയിലെ മികച്ച മെഡിക്കൽ കോളേജായി കോട്ടയത്തെ മാറ്റുന്നതിന് സഹായകമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി ആരംഭിക്കുന്നതിന് മുൻകൈയെടുത്ത പി ജി ആർ പിള്ള, എം എൻ ശശികുമാർ, പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരെ മന്ത്രി ആദരിച്ചു. പ്രിൻസിപ്പൽ എസ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു. വകുപ്പു മേധാവി വി അനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് രതീഷ് കുമാർ, എസ് സുനിൽ, നഴ്‌സിംഗ് ഓഫീസർ സുജാത എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |